1400 ജീവനക്കാരെ പിരിച്ചുവിടാൻ ഈ ഇന്ത്യൻ കമ്പനി; പുറത്താകുക ആരൊക്കെ
കഴിഞ്ഞ കുറേ മാസങ്ങളായി സ്‌പൈസ് ജെറ്റ് ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്നതായാണ് റിപ്പോർട്ട്. പല ജീവനക്കാർക്കും ജനുവരി മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ സ്പൈസ് ജെറ്റ് 1400 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 15 ശതമാനമാണിത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടി. ആകെ 9000 ജീവനക്കാർ ആണ് സ്പൈസ് ജെറ്റിനുള്ളത്. പ്രതിമാസം 60 കോടി രൂപയാണ് എയർലൈൻ ഇപ്പോൾ ശമ്പളമായി നൽകുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി സ്‌പൈസ് ജെറ്റ് ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പല ജീവനക്കാർക്കും ജനുവരി മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. 2019-ൽ സ്‌പൈസ് ജെറ്റിന് 118 വിമാനങ്ങളും 16,000-ത്തിലധികം ജീവനക്കാരും ഉണ്ടായിരുന്നു. സ്പൈസ് ജെറ്റ് 30 വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുന്നത്. അതിൽ 8 വിമാനങ്ങൾ പാട്ടത്തിനെടുത്തതാണ്. പ്രതിസന്ധി മറികടക്കുന്നതിനായി 2200 കോടിയുടെ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ് എയർലൈൻ
കമ്പനിയുടെ ഓഹരികളിൽ ഇടിവ്
ഇന്നത്തെ വ്യാപാര സെഷനിൽ സ്‌പൈസ് ജെറ്റിൻറെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. എൻഎസ്ഇയിൽ രാവിലെ 11 മണിയോടെ ഓഹരികൾ 4 ശതമാനം ഇടിഞ്ഞ് 65.59 രൂപയിലെത്തി.
പിരിച്ചുവിടൽ ട്രെന്റ്
പിരിച്ചുവിടലുകളുടെ ആഴത്തിലുള്ള ആഘാതം ലോകമെമ്പാടും കണ്ടുവരുന്ന സമയത്താണ് സ്‌പൈസ്‌ജെറ്റിലെ പിരിച്ചുവിടൽ വാർത്ത വന്നിരിക്കുന്നത്. . ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, തുടങ്ങി നിരവധി വൻകിട കമ്പനികൾ ഈ വർഷം തങ്ങളുടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ലോകമെമ്പാടും നടക്കുന്ന പിരിച്ചുവിടൽ ടെക് കമ്പനികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജനുവരിയിൽ മാത്രം 32,000 പേരെയാണ് ടെക് കമ്പനികൾ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്.