മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം; മികച്ച പലിശയിൽ സർക്കാർ പിന്തുണയോടെയുള്ള സ്കീമിതാ
വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വരുമാനം ലഭ്യമാകണമെങ്കിൽ സുരക്ഷിത പദ്ധതികളിൽത്തന്നെ അംഗമാകണം. ഇതിനായി സർക്കാർ പിന്തുണയിലുള്ള നിക്ഷേപ പദ്ധതികളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്
ജീവിതത്തിന്റെ മുക്കാൽ പങ്കും ഭൂരിഭാഗം പേരും സമ്പാദിക്കുന്നത് വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ ആയിരിക്കും. വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വരുമാനം ലഭ്യമാകണമെങ്കിൽ സുരക്ഷിത പദ്ധതികളിൽത്തന്നെ അംഗമാകണം. ഇതിനായി സർക്കാർ പിന്തുണയിലുള്ള നിക്ഷേപ പദ്ധതികളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. അത്തരമൊരു നിക്ഷേപപദ്ധതിയാണ് സർക്കാർ പിന്തുണയോടുകൂടിയ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം.സ്കീമിന്റെ പ്രധാന സവിശേഷതകൾ നോക്കാം.
1000 രൂപയിൽ അക്കൗണ്ട് തുടങ്ങാം
ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. നേരത്തെ നിക്ഷേപപരിധി 15 ലക്ഷം രൂപയായിരുന്നു. സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വർഷമാണ് പദ്ധതി കാലാവധി.
പലിശ നിരക്ക്
നിലവിൽ 8.20 ശതമാനമാണ് സീനിയർ സിറ്റിസൺ സ്കീമിന്റെ പലിശനിരക്ക്. മികച്ച പലിശനിരക്കാണിത്. ഓരോ മൂന്നു മാസം കൂടുമ്പോഴുമാണ് ഈ സ്കീമിന്റെ പലിശ നിരക്ക് പുതുക്കുന്നത്. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 എന്നിങ്ങനെ നാല് തവണയാണ് പലിശവരുമാനം ലഭിക്കുന്നത്.
ടി.ഡി.എസ്
എസ്.സി.എസ്.എസിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80-ഇ പ്രകാരം നികുതി ഇളവ് ലഭിക്കും.ഒരു സാമ്പത്തിക വർഷത്തിൽ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽനിന്നുള്ള മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ പലിശയ്ക്ക് നികുതി ബാധകമാണ്. അതായത് സ്രോതസ്സിൽ നിന്നുള്ള നികുതി ഈടാക്കുമെന്ന് ചുരുക്കം.
അക്കൗണ്ട് തുറന്നതിന് ശേഷം കാലാവധിക്ക് മുൻപ് ഏത് സമയത്തും ക്ലോസ് ചെയ്യാം.അത്യാവശ്യഘട്ടത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പണം പിൻവലിക്കാവുന്നതുമാണ്. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്താം.