ചൂണ്ടയെറിഞ്ഞ് ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് പലിശ പരിശോധിക്കാം
നിക്ഷേപിക്കുന്നതിന് മുൻപ് ഏത് ബാങ്കാണ് ഏറ്റവും കൂടുതൽ പലിശ നൽകുന്നതെന്ന് താരതമ്യം ചെയ്യാം.
സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാന്ന് സ്ഥിര നിക്ഷേപം. വിപണിയിലെ അപകട സാധ്യതകൾ ഇല്ലാതെ ഉയർന്ന വരുമാനം നേടാനുള്ള അവസരം. രാജ്യത്തെ ബാങ്കുകൾ ഉയർന്ന പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. 2023 അവസാനത്തോടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. നിക്ഷേപിക്കുന്നതിന് മുൻപ് ഇവയിൽ ഏത് ബാങ്കാണ് ഏറ്റവും കൂടുതൽ പലിശ നൽകുന്നതെന്ന് താരതമ്യം ചെയ്യാം.
എസ്ബിഐ
2023 ഡിസംബർ 27 മുതൽ എസ്ബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. 3.50% ആണ് ഇപ്പോൾ പലിശ നിരക്ക്. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 4.75% ആക്കി. കൂടാതെ 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയും മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% മുതൽ 7.10% വരെ പലിശ നൽകും.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
2023 ഒക്ടോബർ 1-ന് എച്ച്‌ഡിഎഫ്‌സി പലിശ നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 3% മുതൽ 7.20% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെയും പലിശ നൽകുന്നു.
ഐസിഐസിഐ ബാങ്ക്
2023 ഒക്ടോബർ 16-ന് ഐസിഐസിഐ ബാങ്ക് പലിശ നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 3% മുതൽ 7.10% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.65% വരെയും പലിശ നിരക്കുകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷം വരെയുള്ള കാലയളവിന് 7.10% എന്ന ഉയർന്ന പലിശ നിരക്ക് ബാധകമാണ്.
ആക്സിസ് ബാങ്ക്
2023 ഡിസംബർ 26-ന് ആക്സിസ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി. സാധാരണക്കാർക്ക് 3.50% മുതൽ 7.10% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെയുംപലിശ നൽകും.
പിഎൻബി
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പിഎൻബി സാധാരണക്കാർക്ക് 3.50% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.