പുതിയ നിക്ഷേപ പദ്ധതിയുമായി എസ്ബിഐ; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം
ഇന്ത്യൻ പൗരന്മാർക്കൊപ്പം എൻആർഐകൾക്കും എസ്ബിഐയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് എന്നതാണ് പുതിയ പദ്ധതി. ഇന്ത്യൻ പൗരന്മാർക്കൊപ്പം എൻആർഐകൾക്കും എസ്ബിഐയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിക്ഷേപ തുക പരിസ്ഥിതി താൽപ്പര്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ബാങ്ക് ഉപയോഗിക്കും. പുനരുപയോഗ ഊർജം, ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
2070ഓടെ ഇന്ത്യയെ കാർബൺ സീറോ രാജ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു. പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള സാമ്പത്തിക ഭാവി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയാണിത്.
മൂന്ന് വ്യത്യസ്ത കാലയളവിലേക്കുള്ള നിക്ഷേപ പദ്ധതിയാണ് ഇത്. 1,111 ദിവസം, 1,777 ദിവസം, 2,222 ദിവസം. എന്നിങ്ങനെയുള്ള കാലയളവിലേക്ക് നിക്ഷേപകർക്ക് പണം നിക്ഷേപിക്കാം. നിലവിൽ ബാങ്കിന്റെ ബ്രാഞ്ചുകൾ വഴി നിക്ഷേപിക്കാനുള്ള അവസരം ഉണ്ട്. വൈകാതെ തന്നെ നിക്ഷേപ പദ്ധതി ‘യോനോ’ ആപ്പ്, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളിലും ഇത് ലഭ്യമാകുമെന്നും ഖാര പറഞ്ഞു.
എല്ലാ ഇന്ത്യൻ പൗരനും പദ്ധതിയിൽ നിക്ഷേപിക്കാം. പ്രവാസി ഇന്ത്യക്കാർക്കും നിക്ഷേപിക്കാനുള്ള അവസരമുണ്ട്.
പലിശ നിരക്കുകൾ
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ 1111 ദിവസത്തേയ്ക്കും 1777ലേ ദിവസത്തേയ്ക്കും സാധാരണ ഉപഭോക്താക്കൾക്ക് 6.65 ശതമാനം വാർഷിക പലിശ നൽകും. അതേസമയം, 2222 ദിവസത്തേക്ക് പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് 6.40 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് ബാങ്ക് അധിക പലിശ നൽകും. 1111 ദിവസവും 1777 ദിവസവും ബൾക്ക് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിച്ചാൽ 6.15 ശതമാനം വാർഷിക പലിശയും 2222 ദിവസത്തേക്ക് പണം നിക്ഷേപിച്ചാൽ 5.90 ശതമാനം വാർഷിക പലിശയും ലഭിക്കും
ഗ്രീൻ റുപ്പീ ടേം ഡെപ്പോസിറ്റിൽ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പണം പിൻവലിക്കാനുള്ള അവസരമുണ്ട്. ഇത് മാത്രമല്ല, ഈ എഫ്ഡിയിൽ ബാങ്ക് വായ്പയും ഓവർഡ്രാഫ്റ്റ് സൗകര്യവും നൽകും. ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഈ സ്കീമിന് ടിഡിഎസും ബാധകമായിരിക്കും.