മാറ്റങ്ങളുണ്ട്; ബാങ്ക് ലോക്കർ നിയമങ്ങൾ പുതുക്കി എസ്ബിഐ
എസ്‌ബിഐയിൽ നിന്ന് ലോക്കർ സൗകര്യം ലഭ്യമാക്കുന്ന ഉപഭോക്താക്കൾ അവരുടെ ലോക്കർ ഹോൾഡിംഗ് ബ്രാഞ്ചുമായി ബന്ധപ്പെടാനും പുതുക്കിയ ലോക്കർ കരാർ ബാധകമായ രീതിയിൽ നടപ്പിലാക്കാനും എസ്ബിഐ
ബാങ്ക് ലോക്കർ സേവനം ഉപയോഗിക്കുന്നവർക്കായി പുതിയ നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശമനുസരിച്ച് എല്ലാ ലോക്കർ ഉടമകളും , അവരവരുടെ ബ്രാഞ്ച് സന്ദർശിച്ച് പുതിയ ലോക്കർ എഗ്രിമെന്റിൽ ഒപ്പിടണമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്.
“ഉപഭോക്താവിന്റെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ ലോക്കർ കരാർ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. എസ്‌ബിഐയിൽ നിന്ന് ലോക്കർ സൗകര്യം ലഭ്യമാക്കുന്ന ഉപഭോക്താക്കൾ അവരുടെ ലോക്കർ ഹോൾഡിംഗ് ബ്രാഞ്ചുമായി ബന്ധപ്പെടാനും പുതുക്കിയ ലോക്കർ കരാർ ബാധകമായ രീതിയിൽ നടപ്പിലാക്കാനും അഭ്യർത്ഥിക്കുന്നു,” എന്നാണ് എസ്ബിഐ ട്വിറ്ററിൽ ഷെയർ ചെയ്തത്.
ജൂൺ 30നകം ലോക്കർ ഹോൾഡർമാരിൽ 50 ശതമാനമെങ്കിലും പുതിയ കരാറിൽ ഒപ്പുവെക്കണമെന്നാണ് എല്ലാ ബാങ്കുകളോടും ആർബിഐ ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ സെപ്തംബർ 30-നകം ഇടപാടുകാരുടെ 75 ശതമാനവും കരാറിൽ ഒപ്പ് വെയ്ക്കണമെന്നും, ഇത് പിന്നീട് 100 ശതമാനത്തിലെത്തിക്കണമെന്നും, ഈ വർഷം ഡിസംബർ 31-നകം ഉത്തരവ് പാലിക്കണമെന്നുമാണ് ആർബിഐ നിർദ്ദേശം.
ഉപഭോക്താക്കൾ ആവശ്യമായ വിവരങ്ങൾ നൽകുന്നതിനോടൊപ്പം അവരവരുടെ ബാങ്ക് ലോക്കർ കരാറുകളുടെ നില ആർബിഐയുടെ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും വേണം. മാത്രമല്ല ലോക്കറിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ച് ലോക്കറുകൾക്കുള്ള ചാർജുകൾ വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്. ചെറുതും ഇടത്തരവുമായ ലോക്കറുകൾക്ക് 500 രൂപയും ജിഎസ്ടിയും ഈടാക്കും. വലിയ ലോക്കറുകൾക്ക് 1000 രൂപ രജിസ്ട്രേഷൻ ചാർജും ജിഎസ്ടിയും ആവശ്യമാണ്.
നഗരത്തെയും ലോക്കറിന്റെ വലുപ്പത്തെയും അടിസ്ഥാനമാക്കി ലോക്കർ വാടക നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
- നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള എസ്ബിഐ ഉപഭോക്താക്കൾ ചെറിയ ലോക്കറുകൾക്ക് 2,000 രൂപയും ജിഎസ്ടിയും നൽകേണ്ടതുണ്ട്.
- ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ചെറിയ ലോക്കറിന്റെ ചാർജ് 1,500 രൂപയും, ജിഎസ്ടി യുമാണ്
- നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള, ഇടത്തരം ലോക്കറുകൾക്ക് 4,000 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും.
- ചെറുപട്ടണങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ ഇടത്തരം വലിപ്പമുള്ള ലോക്കറിന് 3000 രൂപയും ജിഎസ്ടിയും ഈടാക്കും.
- വലിയ ലോക്കറുകൾ തിരഞ്ഞെടുക്കുന്ന പ്രധാന മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾ 8,000 രൂപയും ജിഎസ്ടിയും നൽകണം.
- ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു വലിയ ലോക്കറിന്റെ ഫീസ് 6,000 രൂപയും ജിഎസ്ടിയും ആണ്.