അമ്പരപ്പിച്ച് അംബാനി; നമ്പർ വണ്ണായി റിലയൻസ് ഇൻഡസ്ട്രീസ്
ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ് ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ₹15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് പട്ടികയിൽ ഒന്നാമതെത്തുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസ് (₹12.36 ലക്ഷം കോടി ), എച്ച്‌ഡിഎഫ്‌സി ബാങ്ക് (₹11.25 ലക്ഷം കോടി ) എന്നിവ യഥാക്രമം ഏറ്റവും മൂല്യമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കമ്പനികളാണ്. ഐസിഐസിഐ ബാങ്ക് (6.47 ലക്ഷം കോടി രൂപ), ഇൻഫോസിസ് (5.71 ലക്ഷം കോടി രൂപ) എന്നിവയാണ് നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമായി ഉള്ളത്. ഭാരതി എയർടെൽ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ആദ്യ 10 സ്ഥാനങ്ങളിൽ എത്തി
മികച്ച 10 കമ്പനികളുടെ മൊത്തം മൂല്യം ₹73.3 ലക്ഷം കോടി ആണ്, ഇത് വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇത് ഇന്ത്യൻ ജിഡിപിയുടെ 28 ശതമാനത്തിന് തുല്യമാണ്. 436% വാർഷിക വളർച്ച രേഖപ്പെടുത്തിയ സുസ്ലോൺ എനർജിയാണ് പട്ടികയിൽ അതിവേഗം വളരുന്ന സ്ഥാപനം, ജിൻഡാൽ സ്റ്റെയിൻലെസ്, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം അദാനി ടോട്ടൽ ഗ്യാസും അദാനി എന്റർപ്രൈസസും ആദ്യ 10ൽ നിന്ന് പുറത്തായി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയായി മാറി. കൂടാതെ, ഈ 500 സ്ഥാപനങ്ങളിൽ 437 എണ്ണത്തിന്റെയും ബോർഡുകളിൽ വനിതാ പ്രാതിനിധ്യമുണ്ട്.