'2.49 കോടി കെട്ടിവെക്കണം'; മൂന്ന് ബാങ്കുകൾക്കെതിരെ നടപടിയുമായി ആർബിഐ

നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ ബാങ്കുകൾക്കെതിരായ നടപടി

RBI imposes 2.49 crore penalty on 3 banks

മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് പണപ്പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയ്ക്ക്  2.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആർബിഐയുടെ  മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 

ചട്ടങ്ങൾക്ക് വിരുദ്ധമായി ഒരു കമ്പനിക്ക് വായ്പ നൽകിയതിനാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് ബാങ്ക് പിഴയായി കെട്ടിവെക്കേണ്ടത്. 

'ലോണുകളും അഡ്വാൻസുകളും - സ്റ്റാറ്റ്യൂട്ടറി, മറ്റ് നിയന്ത്രണങ്ങൾ', കെ‌വൈ‌സി, നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് ധനലക്ഷ്മി ബാങ്കിന് ആർബിഐ  പിഴ ചുമത്തിയിരിക്കുന്നത്.  1.20 കോടി രൂപ ധനലക്ഷ്മി ബാങ്ക് പിഴയായി കെട്ടിവെക്കണം. 

'ബാങ്കുകളിലെ കസ്റ്റമർ സർവീസ്' എന്ന വിഷയത്തിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയത്. 29.55 ലക്ഷം രൂപ പിഴ  ഇസാഫ് സ്‌മോൾ ഫിനാൻസ് നൽകണം. 

1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i)-നൊപ്പം സെക്ഷൻ 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ ബാങ്കുകൾക്കെതിരായ നടപടിയെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios