ഈ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; നിക്ഷേപിച്ച പണത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം
ഓരോ നിക്ഷേപകർക്കും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അർഹതയുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ ജയ് പ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് നടപടി. ഇപ്പോൾ നിക്ഷേപകർക്ക് മുഴുവൻ പണമടയ്ക്കാൻ ഈ സഹകരണ ബാങ്കിന് കഴിയില്ലെന്നാണ് ആർബിഐ പറയുന്നത്. ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ ബാങ്കിനെ പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
ഈ ബാങ്ക് അടച്ചുപൂട്ടാനും ലിക്വിഡേറ്ററെ നിയമിക്കാനും ഉത്തരവ് പുറപ്പെടുവിക്കാൻ മഹാരാഷ്ട്രയിലെ സഹകരണ കമ്മീഷണറോടും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറോടും നിര്ദേശിച്ചിട്ടുണ്ടെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപങ്ങളുടെ തിരിച്ചടവ് ഉടനടി പ്രാബല്യത്തിൽ വരുന്നതും ഇതിൽ ഉൾപ്പെടുന്നു.
നിക്ഷേപകരായ 99 ശതമാനം ആളുകൾക്കും മുഴുവൻ തുകയും ലഭിക്കാൻ അർഹതയുണ്ട്. അതായത്, ഓരോ നിക്ഷേപകർക്കും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അർഹതയുണ്ട്. ബാങ്ക് അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഏകദേശം 99.78 ശതമാനം നിക്ഷേപകർക്കും തങ്ങളുടെ നിക്ഷേപത്തിൻ്റെ മുഴുവൻ തുകയും ഡിഐസിജിസിയിൽ നിന്ന് ലഭിക്കാൻ അർഹതയുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
ജയ് പ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് ആർബിഐ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപകർക്ക് മുഴുവൻ പണമടയ്ക്കാൻ ബാങ്കിന് കഴിയില്ല. ഈ ബാങ്കിൻ്റെ നിലനിൽപ്പ് അതിൻ്റെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്ന് പറഞ്ഞ് 2024 ഫെബ്രുവരി 6- മുതൽI ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി.