സിഡിഎമ്മുകളിലും യുപിഐ; ക്യാഷ് ഡെപ്പോസിറ്റുകൾ എളുപ്പമാക്കാൻ ആർബിഐ
യുപിഐ ഉപയോഗിച്ച് സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നത് സുഗമമാക്കാൻ ഒരുങ്ങുകയാണ് എന്ന് ഇന്ന് ആർബിഐ
മുംബൈ: യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പേയ്‌മെൻ്റുകളും ക്യാഷ് ഡെപ്പോസിറ്റുകളും നടത്താൻ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ അനുവദിക്കാൻ ഒരുങ്ങി ആർബിഐ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്.
“സിഡിഎമ്മുകൾ വഴിയുള്ള പണം നിക്ഷേപിക്കുന്നത് പ്രാഥമികമായി ഡെബിറ്റ് കാർഡുകളിലൂടെയാണ്. എടിഎമ്മുകളിൽ നിന്ന് യുപിഐ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കുന്നതിലൂടെ ലഭിച്ച അനുഭവം കണക്കിലെടുക്കുമ്പോൾ, യുപിഐ ഉപയോഗിച്ച് സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നത് സുഗമമാക്കാൻ ഒരുങ്ങുകയാണ് എന്ന് ഇന്ന് ആർബിഐ എംപിസി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു, ഇത് ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുകയും ബാങ്കുകളിലെ കറൻസി കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും എന്ന് ആർബിഐ ഗവർണർ കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം സെൻട്രൽ ബാങ്ക് 7% ആയി നിലനിർത്തുകയും ചെയ്തു. ആദ്യ പാദത്തിലെ വളർച്ചാ ലക്ഷ്യം മുമ്പത്തെ 7.2% ൽ നിന്ന് 7.1% ആയി ക്രമീകരിച്ചു, അതേസമയം രണ്ടാമത്തെ പാദത്തിൽ ഇത് 6.8% എന്ന മുൻ പ്രവചനത്തിൽ നിന്ന് 6.9% ആയി പുതുക്കി.