നിക്ഷേപത്തിന് ഇനി ഉയർന്ന വരുമാനം; എഫ്ഡി പലിശനിരക്ക് വർധിപ്പിച്ച് പിഎൻബി
നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിസ്ക് ഇല്ലാതെ ഉയർന്ന വരുമാനം നേടാം. ഫിക്സഡ് ഡെപ്പോസിറ് പലിശ നിരക്ക് ഉയർത്തി പിഎൻബി
ദില്ലി: റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്. സ്ഥിര നിക്ഷേപങ്ങൾക്ക് 30 ബേസിസ് പോയിന്റ് വരെ വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണ് പിഎൻബി വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ 2023 ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 5 മുതൽ 30 വരെ ബേസിസ് പോയിന്റിന്റെ വർധനവാണ് പിഎൻബി വരുത്തിയിരിക്കുന്നത്. ഒരു വർഷത്തിൽ താഴയെയുളള നിക്ഷേപങ്ങൾക്ക് 30 ബേസിസ് പോയിന്റെന്‌റെ വർധനവ് വരുത്തിയത് പ്രകാരം പലിശ നിരക്ക് 5.80 ശതമാനമായി ഉയർന്നു. നേരത്തം ഇത് 5.50 ശതമാനമായിരുന്നു.
ഒരു വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് 6.8 ശതമാനമായി. 5 ബേസിസ് പോയിന്റിന്റെ വർധനവ്. രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനമാക്കി ഉയർത്തി. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. 25 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.
ALSO READ : വിരമിക്കുന്നതിന് മുമ്പ് തന്നെ ഒരു ലക്ഷം പ്രതിമാസ പെൻഷൻ; പ്രീമിയം ഒറ്റ തവണ മാത്രം
മുതിർന്ന പൗരൻമാർക്കുള്ള നേട്ടങ്ങൾ
സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചതിൽ നേട്ടം കൂടുതലും മുതിർന്ന പൗരൻമാർക്കാണ്. ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനത്തിൽ നിന്നും പലിശനിരക്ക് 6.30 ശതമാനമായി ഉയർത്തി. ഒരു വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റ് വർധനവ് പ്രകരം 7.30 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തിന് മുകളിലും മൂന്ന് വർഷത്തിൽ താഴെ വരെ നിക്ഷേപകാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7.50 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.
80 വയസ്സ് പർത്തിയായ സ്ഥിരതാമസക്കാരായ സൂപ്പർസീനിയർ സിറ്റിസൺ നിക്ഷേപകരുടെ വിഭാഗത്തിലും വർധനവുണ്ട്. ഒരു വർഷത്തിൽ താഴെയുളള നിക്ഷേപങ്ങൾക്ക് 6.60 ശതമാനമായി പലിശനിരക്കുയർത്തിയിട്ടുണ്ട്. നേരത്തെ ഇത് 6.30 ശതമാനമായിരുന്നു. ഒരു വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് 7.60 ശതമാനമായി പുതുക്കി. 2-3 വർഷം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.55 ശതമാനത്തിൽ നിന്ന് 7.80 ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്. 666 ദിവസം കാലാവധിയുള്ള നിക്ഷേങ്ങൾക്ക് 8.05 ശതമാനമാണ് പലിശ നിരക്ക്.