'പാരമ്പര്യത്തിലല്ല കാര്യം കഠിനാധ്വാനത്തിലാണ്'; സൊമാറ്റോ സിഇഒയെ പുകഴ്ത്തി പ്രധാനമന്ത്രി
ദീപീന്ദർ ഗോയലിന്റെ യാത്ര പ്രോചോദിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് പ്രധാനമന്ത്രി. സൊമാറ്റോ സിഇഒ പങ്കുവെച്ചിരുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ലിമിറ്റഡിൻ്റെ സ്ഥാപകൻ ദീപീന്ദർ ഗോയലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ദീപീന്ദർ ഗോയലിന്റെ യാത്ര പ്രോചോദിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് പ്രധാനമന്ത്രി എഴുതി. സൊമാറ്റോ സിഇഒ പങ്കുവെച്ചിരുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ആതിഥേയത്വം വഹിച്ച 'വിശേഷ് സമ്പർക്ക അഭിയാൻ' എന്ന പാർടിപടിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ മാറ്റം കൊണ്ടുവന്നതിന് ദീപീന്ദർ ഗോയലും സർക്കാരിന് നന്ദി പറഞ്ഞു. പ്രദാനമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയാണ്
"ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ കുടുംബപ്പേര് പ്രശ്നമല്ല. കഠിനാധ്വാനമാണ് പ്രധാനം. ദീപീന്ദർ ഗോയൽ, നിങ്ങളുടെ യാത്ര ശരിക്കും പ്രചോദനകരമാണ്, ഇത് എണ്ണമറ്റ യുവാക്കളെ അവരുടെ സംരംഭകത്വ സ്വപ്നങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ വാക്കുകൾക്ക് മറുപടിയായി ദീപീന്ദർ ഗോയൽ നന്ദി പറഞ്ഞു. "ഇത് തീർച്ചയായും കൂടുതൽ കഠിനാധ്വാനം ചെയ്യാനും നന്നായി പ്രവർത്തിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു." എന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച ഗോയലിൻ്റെ പ്രസംഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൻ്റെ പിതാവുമായി സ്റ്റാർട്ടപ്പ് ആശയം പങ്കുവെച്ചപ്പോൾ ലഭിച്ച പ്രതികരണം: "ജാന്താ ഹേ തേരാ ബാപ് കൗൻ ഹേ" എന്നായിരുന്നു, അതായത് നിന്റെ പിതാവാരെന്ന ആലോചിക്കണം എന്നുള്ളതായിരുന്നു എന്ന് ഗോയൽ പറഞ്ഞു. പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും താഴ്ന്ന പശ്ചാത്തലത്തിൽ നിന്നാണ് വളർന്നതെന്നും അദ്ദേഹം വിശദീകരിച്ചു.