പേഴ്‌സണൽ ലോണിന് അപേക്ഷിക്കാൻ പ്ലാനുണ്ടോ? ക്രെഡിറ്റ് സ്കോർ വില്ലനാകാതെ നോക്കാം
ക്രെഡിറ്റ് സ്കോർ എന്താണെന്നും വ്യക്തിഗത വായ്പകൾക്ക് അത് എത്രത്തോളം പ്രധാനമാണെന്നും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നും പരിശോധിക്കാം.
ഒരു മെഡിക്കൽ ആവശ്യത്തിനോ, മറ്റേതെങ്കിലും ആവശ്യത്തിനോ ലോൺ വേണോ? പെട്ടെന്ന് എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്സണൽ ലോൺ. എന്നാൽ, അത് ലഭിക്കുന്നതിന് മുമ്പ് നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മറ്റ് കാര്യങ്ങൾക്കൊപ്പം, വ്യക്തിഗത വായ്പകൾക്ക് ക്രെഡിറ്റ് സ്കോർ വളരെ പ്രധാനമാണ്. ക്രെഡിറ്റ് സ്‌കോറിന് നിങ്ങളുടെ പേഴ്‌സണൽ ലോൺ യോഗ്യതയും അതിന് നിങ്ങൾ നൽകുന്ന പലിശ നിരക്കും നിർണ്ണയിക്കാനാകും. അതിനാൽ, ക്രെഡിറ്റ് സ്കോർ എന്താണെന്നും വ്യക്തിഗത വായ്പകൾക്ക് അത് എത്രത്തോളം പ്രധാനമാണെന്നും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നും പരിശോധിക്കാം.
എന്താണ് ക്രെഡിറ്റ് സ്കോർ?
ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്കോർ. ട്രാൻസ് യൂണിയൻ സിബിൽ, ഹൈ മാർക്ക്, ഇക്വിഫാക്സ്, എക്സ്പീരിയൻ തുടങ്ങിയ ആർബിഐ-രജിസ്റ്റേർഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോർ നൽകുന്നത്. ഒരു വ്യക്തിയുടെ സിബിൽ ക്രെഡിറ്റ് സ്കോർ 300 മുതൽ 900 വരെയാണ്.
ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
സമയബന്ധിതമായ തിരിച്ചടവ്: നിലവിലുള്ള ഇഎംഐ കളും പ്രതിമാസ ക്രെഡിറ്റ് കാർഡ് ബില്ലുകളും എല്ലായ്പ്പോഴും കൃത്യസമയത്ത് അടയ്ക്കണം. അതുവഴി നിങ്ങൾ കൃത്യസമയത്ത് പണമടയ്ക്കുന്ന ഉത്തരവാദിത്തമുള്ള കടം വാങ്ങുന്നയാളാണെന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് മനസിലാകുന്നു. അതിനാൽ, കൃത്യ സമയത്തുള്ള തിരിച്ചടവ് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കും.
ലോവർ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ: നിങ്ങൾക്ക് 1,00,000 രൂപ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് കരുതുക. അതിലെ 10,000 രൂപ വിനിയോഗിച്ചു. അതിനർത്ഥം നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം 10% ആണ്. ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന് നിങ്ങൾ 30 ശതമാനമോ അതിൽ കുറവോ ആയ ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തണം. ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയുമ്പോൾ, അത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ധാരാളം ലോൺ അപേക്ഷകൾ ഒഴിവാക്കുക: ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ വേണ്ടി അപേക്ഷിക്കുന്നത് ഒഴിവാക്കണം. അത്തരം പെരുമാറ്റം ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ ലോണുകൾ : ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ, സുരക്ഷിതമായ വായ്പകളും (ഭവന വായ്പ, വാഹന വായ്പ, സ്വർണ്ണ വായ്പ അല്ലെങ്കിൽ ഏതെങ്കിലും സെക്യൂരിറ്റിയുടെ ഈടിൻ മേലുള്ള മറ്റ് വായ്പകൾ) സുരക്ഷിതമല്ലാത്ത വായ്പകളും (ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പകൾ ) അടങ്ങുന്ന വായ്പകളായിരിക്കണം വേണ്ടത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.