പാൻ അസാധുവായോ? ഡിവിഡന്റ് വരുമാനത്തിൽ ഉയർന്ന ടിഡിഎസ് അടയ്‌ക്കേണ്ടി വരും
ആധാറും പാൻ കാർഡും ലിങ്ക് ചെയ്തവരുടെ പാൻ അസാധുവാകും. നിരവധി പ്രത്യാഘാതങ്ങൾ ഇതുകൊണ്ട് ഉണ്ടായേക്കാം. അതിലൊന്നാണ് ഡിവിഡന്റ് വരുമാനത്തിൽ ഉയർന്ന ടിഡിഎസ് നൽകണം എന്നത്.
ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന രേഖകളായ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, 2023 മാർച്ച് 28 ലെ ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് പ്രകാരം 2023 ജൂലൈ 1 മുതൽ പാൻ പ്രവർത്തനരഹിതമാകും. ഇങ്ങനെ പാൻ പ്രവർത്തന രഹിതമായാൽ എന്ത് സംഭവിക്കും? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ കഴിയാത്തത് മുതൽ നിരവധി പ്രത്യാഘാതങ്ങൾ ഇതുകൊണ്ട് ഉണ്ടായേക്കാം. അതിലൊന്നാണ് ഡിവിഡന്റ് വരുമാനത്തിൽ ഉയർന്ന ടിഡിഎസ് നൽകണം എന്നത്.
ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്, പേരുപോലെ സൂചിപ്പിക്കുന്നത് പോലെ, നികുതി വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയാണ് ഇത്. കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുമ്പോൾ 2020 മാർച്ച് 31 വരെ ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനി പണമടയ്ക്കുന്നതിന് മുമ്പ് ഡിവിഡന്റ് വിതരണ നികുതി (ഡി ഡി ടി) അടച്ചിരുന്നു. എന്നാൽ ധനകാര്യ നിയമം, 2020 ഡിവിഡന്റ് നികുതിയുടെ രീതി മാറ്റി. 2020 ഏപ്രിൽ 1-നോ അതിനു ശേഷമോ ലഭിക്കുന്ന എല്ലാ ഡിവിഡന്റും ഓഹരി ഉടമ നികുതി അടയ്ക്കണം. കമ്പനികളുടെയും മ്യൂച്വൽ ഫണ്ടുകളുടെയും ഡി ഡി ടി ബാധ്യത പിൻവലിച്ചു.
ഓഹരി ഉടമയുടെ പാൻ ലഭ്യമല്ലാതിരിക്കുകയോ അല്ലെങ്കിൽ കമ്പനിയുടെ രേഖകളിൽ ലഭ്യമായ ഓഹരിയുടമയുടെ പാൻ അസാധുവോ ആണെങ്കിൽ നികുതി കുറയ്ക്കും. എന്നിരുന്നാലും, സാമ്പത്തിക വർഷം മുഴുവനും കമ്പനിയിൽ നിന്നുള്ള മൊത്തം ഡിവിഡന്റ് പേയ്‌മെന്റുകൾ 5,000 രൂപയിൽ കൂടാത്ത വ്യക്തികൾക്ക് ടിഡിഎസ് ബാധകമല്ല.