ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റി വാങ്ങാം
2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഒക്കെയായി ബാങ്കുകളിൽ തിരക്കാണ്. എന്നാൽ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ എന്തുചെയ്യും?
ദില്ലി: 2000 രൂപയുടെ കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന് ഈ മാസം 19 നാണ് ആർബിഐ അറിയിച്ചത്. ഈ നോട്ടുകൾ സെപ്റ്റംബർ 30 വരെ നിയമപരമായി തുടരും. 2000 രൂപ നോട്ടുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്ക് ഒന്നുകിൽ ബാങ്കിൽ നിന്ന് മറ്റ് മൂല്യമുള്ള നോട്ടുകൾക്കായി മാറ്റി നൽകാം അല്ലെങ്കിൽ അത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. ഇതോടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഒക്കെയായി ബാങ്കുകളിൽ തിരക്കാണ്. എന്നാൽ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ എന്തുചെയ്യും?
ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ബാങ്കുകളിലും 19 ആർബിഐ റീജിയണൽ ഓഫീസുകളിലും 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും. അതിനു ബാങ്ക് അക്കൗണ്ടുകൾ വേണമെന്നില്ല. 4 മാസത്തെ സമയം ആണ് ആർബിഐ നൽകിയിരിക്കുന്നത്, അതിനുള്ളിൽ നോട്ടുകൾ മാറ്റി വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് 2023 മെയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയും. ഒരേ സമയം 20,000 രൂപ വരെ മാറ്റി വാങ്ങാൻ സാധിക്കും. അതായത് 2000 രൂപയുടെ 10 നോട്ടുകൾ മാത്രമേ മാറ്റാൻ കഴിയൂ,
രാജ്യത്ത് ഉടനീളമുള്ള ഏത് ബാങ്കിന്റെ ശാഖയിൽ നിന്നും ആർക്കും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയുമെന്ന് ആർബിഐ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. മാത്രമല്ല, യാതൊരു വിധത്തിലുള്ള ചാർജുകളും കൂടാതെ സേവനം ബാങ്കുകളിൽ സൗജന്യമായിരിക്കും