കേന്ദ്രസർക്കാർ രണ്ടര മാസംകൊണ്ട് നേടിയത് 3.80 ലക്ഷം കോടി; നികുതി വരുമാനത്തിൽ വൻ വർധനവ്
നികുതി വരുമാനത്തിൽ കോടികൾ വർധിച്ചു. ജൂൺ 17 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചന
രാജ്യത്ത് നികുതിവരുമാനത്തിൽ വൻ വർധന. ഈ സാമ്പത്തിക വർഷം ഇതുവരെ നെറ്റ് ഡയറക്ട് ടാക്സ് ഇനത്തിൽ കേന്ദ്രത്തിന് 3.80 ലക്ഷം കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2023- 24 ഏപ്രിൽ - ജൂൺ പാദത്തിലെ റിപ്പോർട്ടാണിത്. ജൂൺ 17 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 2022 - 2023 സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.
ഏപ്രിൽ 1 മുതൽ ജൂൺ 17 വരെ നെറ്റ് ഡയറക്ട് ടാക്സ് ഇനത്തിൽ 3,79,760 കോടി രൂപ ലഭിച്ചതിൽ കോർപ്പറേഷൻ ടാക്സ് (സിഐടി) 1,56,949 കോടി രൂപയും, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ഉൾപ്പെടെ വ്യക്തിഗത ആദായനികുതി (പിഐടി) 2,22,196 രൂപയും ഉൾപ്പെടുന്നുണ്ടെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2023 - 24 ഏപ്രിൽ-ജൂൺ പാദത്തിലെ മുൻകൂർ നികുതി പിരിവ് ജൂൺ 17 വരെ 1,16,776 കോടി രൂപയായിരുന്നു, ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.70 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 92,784 കോടിയുടെ കോർപ്പറേഷൻ ടാക്സും 23,991 കോടിയുടെ വ്യക്തിഗത ആദായനികുതി ഉൾപ്പെടുന്നുണ്ട്.
നികുതി പിരിവിനൊപ്പം റീഫണ്ടും വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജൂൺ 17 വരെ 39,578 കോടി രൂപയാണ് റീഫണ്ട് ഇനത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണുണ്ടായത്. എന്തായാലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവാണ് പ്രത്യക്ഷ നികുതി വരുമാനം സൂചിപ്പിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത പാദത്തിലും നികുതിവരുമാനത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ