റിലയൻസിന് പിന്നാലെ നയാരയും; പെട്രോളിനും, ഡീസലിനും ഒരു രൂപ കുറച്ചു
സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കാൻ എണ്ണ വിതരണ കമ്പനിയായ നയാര
പെട്രോളിന്റെയും ,ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്നാണ് ഇൻഡോ-റഷ്യൻ ഓയിൽ കമ്പനിയായ നയാര എനർജി പ്രഖ്യാപിച്ചത്.
നയാരയുടെ പമ്പുകളില്‍ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. 2023 ജൂൺ അവസാനം വരെ നയാരയുടെ ഔട് ലെറ്റുകളില്‍ ഈ ആനുകൂല്യം ലഭിക്കുമെന്നും നയാര എനർജിയുടെ വക്താവ് പറഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വിലകുറച്ചതെന്നും നയാര എനർജി അറിയിച്ചു. എന്നാൽ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഐഒസിയുടെയും, ബിപിസിഎല്ലിന്റെയും പമ്പുകളിൽ നിലവിലുള്ള വില തന്നെ ആയിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ രാജ്യാന്തര വിലയിൽ കുറവുണ്ടായിട്ടും പഴയവില തുടരുമ്പോൾ സ്വകാര്യ കമ്പനികൾ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ തുടങ്ങിയെന്ന് ചുരുക്കം
ALSO READ: ഐപിഎൽ 2023; നിത അംബാനിയും മുകേഷ് അംബാനിയും സമ്പാദിച്ചത് ചില്ലറ കോടികളല്ല
ആഭ്യന്തര ഉപഭോഗം ഉയർത്തുന്നതിനും പ്രാദേശിക ഉപഭോക്താക്കളെ മികച്ച രീതിയിൽ പരിപാലിക്കുന്നതിന്റെ ഭാഗമായാണ് വിലകുറയ്ക്കൽ നടപടി. ഇന്ത്യയിലെ ആകെയുള്ള 86,925 പെട്രോൾ പമ്പുകളിൽ ഏഴ് ശതമാനത്തിലധികം പമ്പുകൾ നയാര എനർജിയുടെ ഉടമസ്ഥതയിലുള്ളതാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികളുടെ പമ്പുകളെ അപേക്ഷിച്ച്പെ പെട്രോളും ഡീസലും ലിറ്ററിന് ഒരു രൂപ കുറച്ച് വിൽക്കുമെന്നാണ് നയാര അറിയിപ്പിലുള്ളത്.