ഇത് ഓരോ ഇന്ത്യക്കാരനും വേണ്ടി ടാറ്റ കണ്ട സ്വപ്നം; മുംബൈയിലെ താജ് ഹോട്ടലിൽ തങ്ങണമെങ്കിൽ എത്ര നൽകണം?
ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും നിയന്ത്രണങ്ങളില്ലാതെ താമസിക്കാൻ കഴിയുന്ന ഒരു ഹോട്ടൽ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇന്ത്യയിലെ ആഡംബര ഹോട്ടലുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വിട്ടുകളയാൻ പാടില്ലാത്ത ഒന്നാണ് താജ്മഹൽ പാലസ് ഹോട്ടലിന്റെ പേര്. രത്തൻ ടാറ്റയുടെ മുത്തശ്ശനും ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനും പ്രശസ്ത ഇന്ത്യൻ സംരംഭകനും മനുഷ്യസ്‌നേഹിയും വ്യവസായിയുമായ ജംഷഡ്ജി ടാറ്റയാണ് താജ്മഹൽ പാലസ് ഹോട്ടൽ നിർമ്മിച്ചത്.
എത്രയായിരുന്നു ഹോട്ടലിന്റെ നിർമാണ ചെലവ്?
ഇന്ന് കാണുന്ന താജ്മഹൽ പാലസ് ഹോട്ടൽ എന്ന മഹാസൗദത്തിന്റെ പണി തുടങ്ങിയത് 1898-ൽ ആണ്. 1903-ൽ പണി പൂർത്തിയാക്കി. താജ്മഹൽ പാലസ് ഹോട്ടലിൽ താമസിക്കാനുള്ള ഏറ്റവും കുറഞ്ഞ ചെലവ് 22000 രൂപയാണ്. 120 വർഷം മുൻപ്, 4,21,00000 രൂപ ചെലവിട്ടാണ് ഹോട്ടൽ നിർമ്മിച്ചത്. പൂർണമായും വൈദ്യുതീകരിച്ച മുംബൈയിലെ ആദ്യത്തെ ഹോട്ടലായിരുന്നു താജ്മഹൽ പാലസ്. അതിനാൽ തന്നെ, ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള ആദ്യത്തെ കെട്ടിടം കൂടിയാണിത്. കൂടാതെ, മുംബൈയിലെ ആദ്യത്തെ ലൈസൻസുള്ള ബാർ, ഹാർബർ ബാർ, ഇന്ത്യയിലെ ആദ്യത്തെ ഓൾ ഡേ ഡൈനിംഗ് റെസ്റ്റോറന്റ് എന്നിവയും താജ്മഹൽ പാലസ് ഹോട്ടലിൽ ആയിരുന്നു ഉണ്ടായിരുന്നത്.
1903 ൽ താജ്മഹൽ പാലസ് ഹോട്ടൽ ആദ്യമായി പ്രവർത്തനമാരംഭിച്ചപ്പോൾ, റൂം ചാർജ് വെറും 30 രൂപയായിരുന്നു. ഇന്ന്, മുംബൈയിലെ താജ് ഹോട്ടൽ ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ ശൃംഖല ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പ്രശസ്തമാണ്
വെള്ളക്കാരനോ ഇന്ത്യക്കാരനോ എന്ന് വിവേചനമില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ഒരു ആഡംബര ഹോട്ടൽ തുറക്കാൻ ജംഷഡ്ജി ടാറ്റ എടുത്ത തീരുമാനം ആണ് ഇന്ന് കാണുന്ന ഹോട്ടലിന്റെ പിറവിക്ക് കാരണം. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മാത്രമല്ല, യൂറോപ്പിലെ ഹോട്ടലുകളിലും ഇന്ത്യക്കാർ അക്കാലത്ത് വിവേചനം നേരിട്ടു. ബ്രിട്ടനിലെ വാട്‌സൺ ഹോട്ടൽ പോലുള്ള വലിയ ഹോട്ടലുകളിൽ ഇന്ത്യക്കാരുടെ പ്രവേശനം നിരോധിച്ചിരുന്നു.
ഇന്ത്യക്കാരെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് കണക്കാക്കിയ ടാറ്റ, ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും നിയന്ത്രണങ്ങളില്ലാതെ താമസിക്കാൻ കഴിയുന്ന ഒരു ഹോട്ടൽ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇപ്പോൾ, താജ്മഹൽ പാലസ് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ആകർഷണ കേന്ദ്രമാണ്.
ചരിത്രം പരിശോധിക്കുമ്പോൾ, ഒന്നാം ലോകമഹായുദ്ധകാലത്ത് താജ്മഹൽ പാലസ് ഹോട്ടൽ 600 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയിരുന്നു. 2008ൽ ഒരു ഭീകരാക്രമണത്തിന് വേദിയായതും ഇവിടം തന്നെ ആയിരുന്നു.