നാല് വർഷത്തെ നിരോധനം, ഒടുവിൽ 'ഷിഇൻ' ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു; ഇത് മുകേഷ് അംബാനിയുടെ പുതിയ നീക്കം
ഷിഇൻ ബ്രാൻഡിനെ ഇന്ത്യയിൽ നിന്ന് നിരോധിച്ച് നാല് വർഷത്തിന് ശേഷമാണ് മുകേഷ് അംബാനിയുടെ ഈ നീക്കം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ചൈനീസ് ഫാസ്റ്റ് ഫാഷൻ ലേബൽ ആയ 'ഷിഇൻ' ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ജ്വല്ലറി നിർമ്മാതാക്കളായ ടിഫാനി ആൻഡ് കോ, ബ്രിട്ടീഷ് ഓൺലൈൻ റീട്ടെയിലർ എഎസ്ഒഎസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന റിലയൻസ് റീട്ടെയിലിൻ്റെ നീക്കത്തിൽ ഏറ്റവും പുതിയതാണ് ഈ പങ്കാളിത്തം. ഷിഇൻ ബ്രാൻഡിനെ ഇന്ത്യയിൽ നിന്ന് നിരോധിച്ച് നാല് വർഷത്തിന് ശേഷമാണ് ഈ നീക്കം.
താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷിഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു. ബ്രാൻഡിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഷീഇൻ വസ്ത്രങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ ദില്ലി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ, അതിന്റെ വസ്ത്രങ്ങൾ ആമസോൺ വഴി ഇന്ത്യയിൽ ലഭ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്
ഷിഇൻ-റിലയൻസ് റീട്ടെയിൽ ഇടപാടിനെക്കുറിച്ചുള്ള 5 പ്രധാന കാര്യങ്ങൾ
* റിലയൻസ് റീട്ടെയിലിന്റെ സോഴ്‌സിംഗ് കഴിവുകൾ, വെയർഹൗസിംഗ്, ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്‌ക്കൊപ്പം ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളും ഷിഇൻ ഉപയോഗിച്ചേക്കാം.
* 2008-ൽ ചൈനയിൽ സ്ഥാപിതമായ ഷിഇൻ, ആഗോള ഫാസ്റ്റ് ഫാഷൻ വിപണിയിൽ അതിവേഗം ഒരു മികച്ച സ്ഥാനം നേടി, കുറഞ്ഞ വിലയ്ക്ക് വലിയ ശേഖരങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
* 2021-ൽ ഷിഇനിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന 60% ഉയർന്ന് 16 ബില്യൺ ഡോളറിലെത്തി, അതായത് സ്വീഡിഷ് ബ്രാൻഡായ എച്ച് ആൻഡ് എമ്മിന് തൊട്ടുപിന്നിൽ.
* ഹിമാലയൻ അതിർത്തികളിൽ ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമായതിനെ തുടർന്ന് 59 ആപ്പുകൾക്കൊപ്പം 2020 ജൂണിൽ ഇന്ത്യയിൽ ഷിഇൻ നിരോധിച്ചിരുന്നു. എന്നിരുന്നാലും, ആമസോൺ പോലുള്ള * * ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഷീഇൻ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമായിരുന്നു.
* ചൈനീസ് ബന്ധം മൂലം ഷീഇൻ യുഎസിലും തിരിച്ചടി നേരിട്ടിട്ടുണ്ട്. വിലകുറഞ്ഞ ഫാഷൻ സ്ഥാപനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, സ്വദേശീയ ബിസിനസുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് രാജ്യത്തെ ചില്ലറ വ്യാപാരികൾ ആരോപിച്ചിരുന്നു.