തോട്ടം തൊഴിലാളികളുടെ കൂലി 70 ശതമാനം വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്
മലങ്കര റബർ പ്ലാന്‍റേഷൻസ് ലിമിറ്റഡ് തൊഴിലാളികൾക്ക് ഒരു ദിവസം നൽകിയിരുന്ന വേതനം 475 രൂപ. ഇതിൽ 20 ശതമാനം ഇതിനകം വെട്ടിക്കുറച്ചു
തൊടുപുഴ: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ ദിനങ്ങൾ പകുതിയായതിന് പിന്നാലെ തോട്ടം തൊഴിലാളികളുടെ ശമ്പളവും വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്. ലോക്ഡൗൺ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ തൊഴിലാളികളുടെ വേതനം 70 % കുറയ്ക്കാൻ നടപടിയായി.
മലങ്കര റബർ പ്ലാന്‍റേഷൻസ് ലിമിറ്റഡ് തൊഴിലാളികൾക്ക് ഒരു ദിവസം നൽകിയിരുന്ന വേതനം 475 രൂപ. ഇതിൽ 20 ശതമാനം ഇതിനകം വെട്ടിക്കുറച്ചു. 50 ശതമാനം വേതനം കൂടി മാറ്റി വയ്ക്കാൻ സമ്മതം തേടി കമ്പനി തൊഴിലാളികൾക്ക് നോട്ടീസ് നൽകി. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പകുതി തൊഴിലാളികളെ മാത്രമാണ് കമ്പനി ഒരു ദിവസം ജോലിക്കിറക്കുന്നത്. അതുകൊണ്ട് മാസത്തിൽ പകുതി ദിവസവും ജീവനക്കാർക്ക് തൊഴിലില്ല.
റബ്ബർ വാങ്ങാൻ ആളില്ലാത്തതിനാലാണ് ശമ്പളം കുറയ്ക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. മാറ്റിവയ്ക്കുന്ന ശമ്പളം റബ്ബറിന് കിലോയ്ക്ക് 130 രൂപ വന്നാൽ തിരിച്ച് നൽകും. ഇത് എന്ന് കിട്ടുമെന്നതിൽ വ്യക്തയില്ലെന്നും, അതുവരെ കുറഞ്ഞ ശമ്പളത്തിൽ എങ്ങിനെ ജീവിക്കുമെന്നും തൊഴിലാളികൾ ചോദിക്കുന്നു.