പല വാതിലുകൾ മുട്ടി, 3 മാസമായിട്ടും ജോലി ലഭിച്ചിട്ടില്ല; സഹായമഭ്യർത്ഥിച്ച് മുൻ സ്വിഗ്ഗി ജീവനക്കാരൻ
തന്റെ പ്രതീക്ഷയാകെ നഷ്ടപ്പെടുകയാണ്. ആർക്കെങ്കിലും തന്നെ സഹായിക്കാനാകുമെങ്കിൽ സഹായിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.
ദില്ലി: ടെക്ക് ലോകത്ത് ഏറ്റവുമധികം പിരിച്ചുവിടൽ നടന്ന വർഷമാണിത്. ആയിരക്കണക്കിന് ജീവനക്കാരുടെ ജോലിയാണ് നഷ്ടമായത്. ഇത്തരത്തിൽ ജോലി നഷ്ടമായ ഒരാളുടെ ലിങ്ക്ഡ് ഇൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മൂന്ന് മാസം മുൻപാണ് ഇയാളെ സ്വിഗ്ഗിയിൽ നിന്ന് പിരിച്ചുവിട്ടത്. എത്ര ശ്രമിച്ചിട്ടും തനിക്ക് മറ്റൊരു ജോലി കണ്ടെത്താനായിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. ലിങ്ക്ഡ് ഇന്നിലെ പോസ്റ്റിൽ പറയുന്നത് അനുസരിച്ച് ദിവസവും അദ്ദേഹം 100 ലധികം ജോലികൾക്ക് അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെയും ജോലി ലഭിച്ചില്ലെന്ന് യുവാവ് പറയുന്നു.
കുടുംബത്തിലെ ഏക അത്താണിയായിരുന്നു. സാഹചര്യം തന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, പോരാടുകയാണെന്നും കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രതീക്ഷയാകെ നഷ്ടപ്പെടുകയാണ്. ആർക്കെങ്കിലും തന്നെ സഹായിക്കാനാകുമെങ്കിൽ സഹായിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ സ്വിഗ്ഗിക്ക് ഏകദേശം 6,000 ജീവനക്കാരുണ്ടായിരുന്നു. എന്നാൽ ജനുവരി 20 ന്, സ്വിഗ്ഗി തങ്ങളുടെ ആറു ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഇത് ഏകദേശം 380 ജീവനക്കാരെയാണ് ബാധിച്ചത്.
വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളാണ് പിരിച്ചുവിടലിനുള്ള പ്രധാന കാരണങ്ങളിലൊന്നായി സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്. ഫുഡ് ഡെലിവറി വളർച്ചാ നിരക്ക് കുറഞ്ഞത് വഴി ഇത് ലാഭവും വരുമാനവും കുറഞ്ഞെന്ന് കമ്പനി പറയുന്നു. നിലനിൽപ്പിന് ആവശ്യമായ ഫണ്ട് തങ്ങളുടെ പക്കലുണ്ടെന്നും സ്വിഗി പറഞ്ഞു. കമ്പനിയുടെ സിഇഒ ശ്രീഹർഷ മജെറ്റി പറഞ്ഞത് പിരിച്ചുവിടലുകൾ "ബുദ്ധിമുട്ടുള്ള തീരുമാനമാണ്" എങ്കിലും "തങ്ങളുടെ ദീർഘകാല സുരക്ഷിതത്വത്തിന്" അത് ആവശ്യമാണെന്നാണ്.
വർഷത്തിന്റെ ആദ്യത്തെ പിരിച്ചുവിടലിന് ശേഷം പലർക്കും നല്ല ജോലി കണ്ടെത്താനായിട്ടില്ല. കമ്പനികൾ പലതും പുതിയ നിയമനങ്ങൾ നടത്തുകയോ തൊഴിലവസരങ്ങൾ ഗണ്യമായി വെട്ടിക്കുറക്കുകയോ ചെയ്തിരിക്കുകയാണ്. ഇവരിൽ പലരും ലിങ്ക്ഡ് ഇന്നിലൂടെ തങ്ങളുടെ അവസ്ഥ പങ്കുവെച്ചിട്ടുണ്ട്. ലിങ്ക്ഡ് ഇൻ കണക്ഷൻ ഉപയോഗിച്ച് ചിലരെങ്കിലും ജോലി കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഭൂരിപക്ഷം പേരും പിരിച്ചുവിടലിന്റെ ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല.
Read More : ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?