ബില്ല് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാഞ്ഞുപോയോ? ഇനി നിലവാരം ഇല്ലാത്ത പേപ്പറിൽ ബില്ലടിക്കേണ്ടെന്ന് കൺസ്യൂമർ ഫോറം

എല്ലാ സർക്കാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും വിശദവുമായ ബില്ലുകൾ ഉപഭോതാക്കൾക്ക് നൽകണമെന്ന് സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ്

Kerala Consumer Forum declares poorly printed bills a violation of consumer rights

കൊച്ചി: ഉപഭോക്താക്കൾക്ക് വ്യക്തമല്ലാതെയോ, മോശം നിലവാരമുള്ള പേപ്പറുകളിലോ അച്ചടിച്ച ബില്ലുകളോ രസീതുകളോ നൽകുന്നത്  ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള കൺസ്യൂമർ ഫോറം. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്, എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് പ്രഖ്യാപനം നടത്തിയത്. 

എല്ലാ സർക്കാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും വിശദവുമായ ബില്ലുകൾ ഉപഭോതാക്കൾക്ക് നൽകണമെന്ന് സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ്, 2019 ജൂലൈയിൽ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകവുമായിരിക്കും എന്ന് പ്രസിഡന്റ് ഡി.ബി.ബിനു, അംഗങ്ങളായ വി.രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവരടങ്ങിയ ബെഞ്ച് പാസാക്കിയ ഉത്തരവിൽ പറയുന്നു.

 ഉയർന്ന നിലവാരമുള്ള പേപ്പറിൽ മികച്ച മഷി ഉപയോഗിച്ച് വ്യക്തമായി അച്ചടിച്ച ബില്ലുകൾ നൽകേണ്ടത് ഇപ്പോൾ നിർബന്ധമാണ്. ബില്ലുകൾ ദീർഘകാലം ഈട് നിക്കുന്നതായിരിക്കണം. അതായത് രണ്ട് ദിവസം കഴിഞ്ഞാൽ മാഞ്ഞുപോകുന്ന നിലവാരത്തിലുള്ള പേപ്പറോ മഷിയോ ആയിരിക്കരുത് ഉപയോഗിക്കുന്നത്. വായനാക്ഷമത ഉറപ്പാക്കിക്കൊണ്ട് നല്ല ബില്ലുകൾ നൽകണം. 

 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമവും 2020ലെ ഉപഭോക്തൃ സംരക്ഷണ (ജനറൽ) ചട്ടങ്ങളും ഉദ്ധരിച്ച് ശരിയായ രസീതുകൾ നൽകേണ്ടതിന്റെ പ്രാധാന്യവും കമ്മീഷൻ അടിവരയിട്ടു പറയുന്നു.  ഉപഭോക്താക്കൾ വാങ്ങുന്നതോ വാടകയ്‌ക്കെടുക്കുന്നതോ ആയ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിലയെ കുറിച്ച് വ്യക്തമായ രേഖപ്പെടുത്തൽ ബില്ലിലുണ്ടാകണം. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്, ഈ ഉൾപ്പെടുത്തൽ നിർണായകമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios