സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി 'സ്മാര്‍ട്ടാ'കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സംയുക്ത ഫണ്ടിന് രൂപം നൽകി സ്റ്റാർട്ട് അപ്പുകൾക്ക് മൂലധനം ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചത്. 

kerala budget six projects for promoting start ups

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികൾ. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഭാവിയിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി സ്റ്റാർട്ട് അപ്പ് സംരംഭകർ പ്രതികരിച്ചു.

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സംയുക്ത ഫണ്ടിന് രൂപം നൽകി സ്റ്റാർട്ട് അപ്പുകൾക്ക് മൂലധനം ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചത്. സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പുകൾ വിദേശ നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ സർക്കാരും നിശ്ചിത ഗ്രാന്‍റ് ലഭ്യമാക്കും. സർക്കാർ സ്ഥാപനങ്ങൾ നൽകിയ വായ്പകൾ നഷ്ടമായി മാറിയാൽ സംരംഭങ്ങൾക്ക് 50 ശതമാനം സർക്കാർ താങ്ങായി നൽകും. സ്റ്റാ‍ർട്ട് അപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് 20 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. കൊവിഡാനന്തരം സ്റ്റാർട്ട് അപ്പുകളുടെ സാധ്യത കൂടി വരികയാണെന്നും ഇത് സർക്കാർ തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും സംരംഭകർ പ്രതികരിച്ചു.

സ്ത്രീകൾ നേതൃത്വം നൽകുക സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന, മെന്‍റിറിംഗ് ഫ്ലാറ്റ് ഫോമുകൾ, കൂടുതൽ ഉത്പന്നങ്ങളുടെ വികസനം, മാർക്കറ്റിംഗ് എന്നിവയിലേക്കും 59 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് ഇവർക്ക് എല്ലാ സർക്കാർ വകുപ്പുകളിലെയും ടെൻഡറുകളിൽ മുൻഗണന നൽകാനും ബജറ്റിൽ നിർദ്ദേശമുണ്ട്. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി ചേർന്ന് പത്ത് അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ലോഞ്ച് പാഡും ഒപ്പം കൊച്ചി കിൻഫ്ര ടെക്നോളജി ഇന്നവോഷൻ സോണിന് ഈ വർഷവും 10 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ പ്രതികരിച്ചു.

Also Read: 'എല്ലാ വീട്ടിലും ഒരു ലാപ്പ്ടോപ്പ്', കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios