രണ്ടും കൽപ്പിച്ച് ഇഷ അംബാനി; ചർമ്മ സംരക്ഷണത്തിന് ജർമ്മൻ ബ്യൂട്ടി ബ്രാൻഡ്
തലമുറമാറ്റത്തിന് ശേഷം റിലയൻസ് റീടൈൽ ഏറ്റെടുത്ത ഇഷ അംബാനി വമ്പൻ വിപുലീകരണങ്ങളാണ് വരുത്തുന്നത്. കഴിഞ്ഞ വർഷം, റിലയൻസ് റീടൈൽ പ്രശസ്തമായ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുമായി പങ്കാളികളായി.
രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. 18,60,000 കോടി രൂപയിലധികം വിപണി മൂലധനമുള്ള റിലയൻസിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഉപസ്ഥാപനങ്ങളിലൊന്നാണ് ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ. തലമുറമാറ്റത്തിന് ശേഷം റിലയൻസ് റീടൈൽ ഏറ്റെടുത്ത ഇഷ അംബാനി വമ്പൻ വിപുലീകരണങ്ങളാണ് വരുത്തുന്നത്. കഴിഞ്ഞ വർഷം, റിലയൻസ് റീടൈൽ പ്രശസ്തമായ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുമായി പങ്കാളികളായി. ഈ ബ്രാൻഡുകളെയെല്ലാം റിലയൻസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
റിലയൻസ് റീടൈൽ ഏറ്റെടുത്തതിന് ശേഷം ഇഷ അംബാനി കമ്പനിയുടെ മൂല്യം ഉയർത്തിയിട്ടുണ്ട്. നിലവിൽ 8,20,000 കോടി രൂപയാണ് റിലയൻസ് റീട്ടെയിലിന്റെ മൂല്യം. ഇപ്പോഴിതാ അന്താരാഷ്ട്ര ചർമ്മസംരക്ഷണ ബ്രാൻഡായ അലൈസ് ഓഫ് സ്കിൻ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇഷ അംബാനി. ഇന്ത്യയിൽ റിലയൻസ് റീട്ടെയിലിന്റെ ടിരയുടെ സ്റ്റോറുകളിലും ആപ്പുകളിലും അലൈസ് ഓഫ് സ്കിൻ ഉത്പന്നങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. റിലയൻസിന്റെ ഏറ്റവും പുതിയ ബ്യൂട്ടി ബ്രാൻഡുകളിലൊന്നാണ് ടിര.
മാത്രമല്ല, റിലയൻസ് റീട്ടെയിൽ അതിന്റെ ഐപിഒയിലേക്ക് നീങ്ങുന്നതിനാൽ, ടയർ 1, ടയർ 2 നഗരങ്ങളിൽ അതിവേഗം സാന്നിധ്യം വർദ്ധിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ 2.5 ലക്ഷം ജീവനക്കാരാണ് റിലയൻസ് റീട്ടെയിലിനുള്ളത്. ജിമ്മി ചൂ, ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്സ് ബ്രദേഴ്സ്, അർമാനി എക്സ്ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ പങ്കാളി ബ്രാൻഡായി ഇന്ത്യയിൽ ലഭ്യമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 10 റീട്ടെയിൽ സ്റ്റോറുകളിൽ ഒന്നാണ് റിലയൻസ്.