ടൂർ വിദേശത്തേക്കാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ, അതിന് മികച്ച ആസൂത്രണം മാത്രമല്ല, യാത്രയ്ക്കിടെ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ മതിയായ തുകയും ആവശ്യമാണ്.
ജീവിതത്തിൽ എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ് യാത്രകൾ. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ, അതിന് മികച്ച ആസൂത്രണം മാത്രമല്ല, യാത്രയ്ക്കിടെ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ മതിയായ തുകയും ആവശ്യമാണ്. ബജറ്റ് വിലയിരുത്തിയായിരിക്കണം എവിടേക്ക് യാത്ര ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. വിദേശത്തേക്കുള്ള അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നതിന് ചില പ്രധാന ഘട്ടങ്ങൾ ഉണ്ട്.
യാത്ര ചെയ്യേണ്ട സ്ഥലം
കാലാവസ്ഥ, സാംസ്‌കാരിക പ്രത്യേകതകൾ, പ്രധാന ആകർഷണങ്ങൾ, വിസ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം വിദേശ രാജ്യം ഏതെന്ന് തീരുമാനിക്കേണ്ടത്. യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവ സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്.
ബജറ്റ്
എവിടേക്കാണ് യാത്ര ചെയ്യേണ്ടതെന്ന് ഉറപ്പായാൽ, ഫ്ലൈറ്റുകൾ, താമസം, ഭക്ഷണം, യാത്രാ ഇൻഷുറൻസ്, വിസകൾ, മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചിലവുകൾ എന്നിവ ഉൾക്കൊള്ളുന്ന വിശദമായ ബജറ്റ് തയാറാക്കുന്നത് നല്ലതാണ്. കറൻസി വിനിമയ നിരക്ക് പരിഗണിച്ചായിരിക്കണം യാത്രാ ചെലവ് കണക്കാക്കേണ്ടത് .
പാസ്പോർട്ടും വിസയും
പാസ്‌പോർട്ടിന് നാട്ടിലേക്ക് തിരിച്ചുവരുന്ന തീയതിക്കപ്പുറം കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടെന്ന് ഉറപ്പാക്കുക. പോകുന്ന രാജ്യത്തിന്റെ വിസ നടപടിക്രമങ്ങൾ മനസിലാക്കുകയും അപേക്ഷാ പ്രക്രിയ വളരെ നേരത്തെ തന്നെ ആരംഭിക്കുകയും ചെയ്യുക.
ALSO READ: ജിഎസ്ടി ബിൽ വ്യാജമാണോ? പണം നൽകും മുൻപ് പരിശോധിക്കാം
ഫ്ലൈറ്റ് ബുക്കിംഗ്
വിശ്വസനീയമായ ട്രാവൽ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് മാത്രം ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക. മികച്ച ഡീലുകൾക്കായി ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടുന്നതും ഗുണകരമാണ്. വ്യത്യസ്ത എയർലൈനുകളിലുടെ യാത്രാ നിരക്കുകൾ താരതമ്യം ചെയ്യുക.
താമസ സൗകര്യം
സുരക്ഷിതമായി താമസിക്കുന്നതിനുള്ള, മുൻഗണനകൾ അടിസ്ഥാനമാക്കി താമസ കേന്ദ്രങ്ങൾ ബുക്ക് ചെയ്യുക. ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഹോസ്റ്റലുകൾ എന്നിവ പരിഗണിക്കാം. താമസിക്കുന്ന സ്ഥലം, സൗകര്യങ്ങൾ, റിവ്യൂ എന്നിവ മനസിലാക്കണം. മുൻകൂട്ടി ബുക്ക് ചെയ്യുന്നത് പലപ്പോഴും കുറഞ്ഞ നിരക്കിലുള്ള സേവനം ലഭ്യമാക്കുന്നതിന് സഹായിക്കും.
യാത്രാ ഇൻഷുറൻസ്
മെഡിക്കൽ അത്യാഹിതങ്ങൾ, യാത്ര റദ്ദാക്കൽ, അല്ലെങ്കിൽ ലഗേജ് നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് പരിരക്ഷ ഉറപ്പാക്കുന്നതിന് സമഗ്രമായ യാത്രാ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
ആരോഗ്യ മുൻകരുതലുകൾ
പോകുന്ന രാജ്യത്തെ വാക്സിനേഷൻ നിബന്ധനകൾ പരിശോധിച്ച് ആവശ്യമായവ ഉറപ്പാക്കണം. അവശ്യ മരുന്നുകൾ കൊണ്ടുപോകുക, പ്രാദേശിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മനസിലാക്കി വയ്ക്കുക
നാണയ വിനിമയം
പോകുന്ന രാജ്യത്തെ കറൻസി കയ്യിലുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഫോറെക്സ് കാർഡുകളും ഉപയോഗിക്കാം.
ഗതാഗതം
സന്ദർശിക്കുന്ന രാജ്യത്തെ പൊതുഗതാഗത സൌകര്യങ്ങളെക്കുറിച്ച് മനസിലാക്കുക. ചെലവ് നോക്കി വാഹനം വാടകയ്ക്ക് എടുക്കുന്നതും പരിഗണിക്കാം