കളിയല്ല കളിപ്പാട്ട കച്ചവടം, ഇന്ത്യയോട് മുഖം തിരിച്ച് മറ്റ് രാജ്യങ്ങൾ; കാരണങ്ങള്‍ ഇതോ..
ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത കളിപ്പാട്ട ഇറക്കുമതി തടയുന്നതിനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും 2020 മുതൽ ഇന്ത്യ നിർണായക നടപടികൾ സ്വീകരിച്ചിട്ടും അത് കാര്യമായി ഫലം കണ്ടിട്ടില്ല.
മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോടുള്ള താൽപര്യം മറ്റ് രാജ്യങ്ങളിൽ കുറയുകയാണോ? പുറത്തുവരുന്ന കണക്കുകൾ അത്ര ആശാവഹമല്ല. രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2023-24 ൽ 12,600 കോടി രൂപയായി കുറഞ്ഞു. 2020 ഫെബ്രുവരി മുതൽ ഇന്ത്യ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തിയിരുന്നു. അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായും തുടർന്ന് 2021 ജൂലൈയിൽ 70 ശതമാനമായും വർധിപ്പിച്ചു. ആഭ്യന്തര നിർമാതാക്കളുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിനായിരുന്നു ഈ നടപടി.
2020 മുതൽ 2022 വരെ, കയറ്റുമതി 14,600 കോടി രൂപയായി ഉയർന്നിരുന്നു. ഇതാണ് 12,600 കോടിയായി കുറഞ്ഞത്. അതേ സമയം കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 2022-23 ൽ 517 കോടിയിൽ നിന്ന് 2023-24 ൽ 538 കോടി രൂപയായി ഉയർന്നു. ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത കളിപ്പാട്ട ഇറക്കുമതി തടയുന്നതിനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും 2020 മുതൽ ഇന്ത്യ നിർണായക നടപടികൾ സ്വീകരിച്ചിട്ടും അത് കാര്യമായി ഫലം കണ്ടിട്ടില്ല. 2022-ൽ ആഗോള വിപണിയിൽ ഏകദേശം 5 ലക്ഷം കോടി രൂപ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ ആണ് കച്ചവടം ചെയ്തത്. ഇതിൽ 4 ലക്ഷം കോടിയുടെ കളിപ്പാട്ടങ്ങളും കയറ്റി അയച്ചത് ചൈനയായിരുന്നു. ആഗോള കയറ്റുമതിയുടെ 80 ശതമാനം വരുമിത്.
ചെക്ക് റിപ്പബ്ലിക്ക്, യൂറോപ്യൻ യൂണിയൻ, വിയറ്റ്നാം, ഹോങ്കോംഗ് എന്നിവയാണ് ആഗോള കളിപ്പാട്ട വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന രാജ്യങ്ങൾ. ആഗോള കളിപ്പാട്ട കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ പങ്ക് വളരെ കുറവാണ്. ആഗോള കയറ്റുമതിയുടെ 0.3 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. കയറ്റുമതിയിൽ 27-ാം സ്ഥാനത്താണ് ഇന്ത്യ. കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ ഇന്ത്യ 61-ാം സ്ഥാനത്താണ്. കളിപ്പാട്ടങ്ങൾ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ്. 1.82 ലക്ഷം കോടി രൂപയുടെ കളിപ്പാട്ടങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. യൂറോപ്യൻ യൂണിയൻ (9 ബില്യൺ യുഎസ് ഡോളർ), ജപ്പാൻ (2.8 ബില്യൺ യുഎസ് ഡോളർ), കാനഡ (1.6 ബില്യൺ യുഎസ് ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ.