റെക്കോർഡിട്ട് റോസാപ്പൂ വിൽപന; പൊടിപൊടിച്ച് "വാലൻ്റൈൻസ് വീക്ക്" ആഘോഷം
"വാലൻ്റൈൻസ് വീക്ക്" ആഘോഷിക്കുന്നതിനായി ഇന്ത്യക്കാർ വാങ്ങികൂട്ടിയത് റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും
ദില്ലി: വാലൻ്റൈൻസ് ദിനമാണ് ഇന്ന്. കഴിഞ്ഞ ഒരാഴ്ചയായി ലോകമെങ്ങും വാലൻ്റൈൻസ് ദിന ആഘോഷങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യക്കാരും ഇതിൽ ഒട്ടും പിന്നിലല്ല. വാലൻ്റൈൻസ് ദിനത്തിനു മുമ്പുള്ള ആഴ്ച റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ബിയർ ഡേ തുടങ്ങി ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. അവ ആ രീതിയിൽ ആഘോഷിക്കപ്പെടുന്നു. ഇത്തവണ ഈ ആഘോഷങ്ങൾക്കൊക്കെയായി ഇന്ത്യയിൽ റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും ആണ് വിറ്റുപോയത്
ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ എഫ് എൻ പി വാലൻ്റൈൻസ് ഡേയ്‌ക്ക് മുന്നോടിയായി ഒരു മിനുറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ദില്ലി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഫെബ്രുവരി 9-ന് മിനിറ്റിൽ 406 ചോക്ലേറ്റുകൾ ഡെലിവറി ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൽബിന്ദർ ദിൻഡ്‌സ ട്വീറ്റ് ചെയ്തു
ഈ വർഷം വിൽപ്പനയിൽ 25% വർധന പ്രതീക്ഷിച്ചിരുന്നെന്ന് ഫ് എൻ പി ഗ്ലോബൽ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവൻ ഗാഡിയ പറഞ്ഞു. വാലൻ്റൈൻസ് ദിന വില്പനയ്ക്കായി ആറ് മാസം മുമ്പ് ഞങ്ങൾ തയ്യാറെടുപ്പ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു