'എണ്ണ നടുക്കടലിൽ കുടുങ്ങും', വെനസ്വേലക്ക് തിരിച്ചടി; ഇറക്കുമതി അവസാനിപ്പിച്ച് ഇന്ത്യ
വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്താൻ 25-30 ദിവസമെടുക്കും, ഇറക്കുമതിക്കിടെ ഉപരോധം ഉണ്ടായാൽ എണ്ണ കുടുങ്ങിക്കിടക്കും. ഉപരോധം സംബന്ധിച്ച യുഎസ് തീരുമാനം വരുന്നത് വരെ ഇറക്കുമതി നിർത്താനാണ് ഇന്ത്യയുടെ തീരുമാനം
വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് യുഎസ് ഉപരോധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി . വെനസ്വേലൻ ക്രൂഡ് ഉൽപ്പാദനം പരിമിതമാണെന്നതിനാൽ ഇത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ബാധിക്കാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് അമേരിക്ക വെനസ്വേലക്കെതിരായ ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ചത്. ഇതിന്റെ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കുകയാണ്. വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്താൻ 25-30 ദിവസമെടുക്കും, ഇറക്കുമതിക്കിടെ ഉപരോധം ഉണ്ടായാൽ എണ്ണ കുടുങ്ങിക്കിടക്കും. ഉപരോധം സംബന്ധിച്ച യുഎസ് തീരുമാനം വരുന്നത് വരെ ഇറക്കുമതി നിർത്താനാണ് ഇന്ത്യയുടെ തീരുമാനം.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , എച്ച്‌പിസിഎൽ-മിത്തൽ എനർജി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾ ആണ് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഉപരോധത്തിന് മുമ്പ് വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു.. 2018 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചത് അട്ടിമറിയിലൂടെയാണെന്ന് ആരോപിച്ചാണ് 2019-ൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിദിനം 100,000 ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇറക്കുമതി ചെയ്തത്, ഇത് രാജ്യത്തിൻ്റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 2% മാത്രമാണ്. അതേസമയം, മാർച്ചിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, ഇറാഖും സൗദി അറേബ്യയുമാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ.