ഇനി 10 ദിനങ്ങൾ മാത്രം; ആദായനികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ പിഴ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ 10,000 രൂപ വരെ പിഴ ഈടാക്കാം. പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള തിരക്കിലാണ് നികുതിദായകർ. ഇനി 10 ദിവസം കൂടി മാത്രമേ ആദായ നികുതി ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.
ALSO READ: എടിഎം കാർഡ് നഷ്ടപ്പെട്ടോ; ഉടനെ ചെയ്യണ്ടത് ഇതെന്ന് എസ്ബിഐ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ആദായ നികുതി വകുപ്പിന്റെ നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടാൻ സാധ്യതയില്ലെന്നനാണ് റിപ്പോർട്ട്.
ആരെല്ലാമാണ് ആദായനികുതി റിട്ടേൺ ചെയ്യേണ്ടത്?
രാജ്യത്ത്, രണ്ടര ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള അറുപത് വയസ്സിൽ താഴെയുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അറുപത് വയസിനും എൺപത് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളിൽ മൊത്ത വരുമാനമുള്ള വ്യക്തികൾ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ എന്നിവർ തീർച്ചയായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഏതൊക്കെ രേഖകൾ ആവശ്യമാണ്?
*ആധാർ
*പാൻ കാർഡ്
*തൊഴിലുടമയിൽ നിന്നുള്ള ഫോം-16
*വീട് വാടക രസീതുകൾ
*ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
*ബാങ്ക് പാസ്ബുക്ക്
*പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
*ലോട്ടറി വരുമാനം
*ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ