ആദായനികുതി റിട്ടേൺ ഫയൽ ചെയ്തില്ലേ; ഈ 4 കാര്യങ്ങൾ അറിയാം
ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതും വൈകിയാൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടിവരും. നികുതിദായകരെ സംബന്ധിച്ച് നേട്ടമാകുന്ന 4 കാര്യങ്ങളാണ് ഇനി പറയുന്നത്.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതും വൈകിയാൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടിവരും. 2022 23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണുകൾ ജൂലൈ 31 നകം ഫയൽ ചെയ്യേണ്ടതുണ്ട്. വെകി ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള പിഴ 5,000 രൂപയാണെന്നും പിന്നീടുള്ള ഫയലിംഗുകൾക്ക് പിഴയിനത്തിലുള്ള തുക ഇരട്ടിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് വെബ്സൈറ്റിൽ പറയുന്നുണ്ട്. ജൂലൈ 31 നകം റിട്ടേൺ ഫയൽ ചെയ്താൽ നികുതിദായകരെ സംബന്ധിച്ച് നേട്ടമാകുന്ന 4 കാര്യങ്ങളാണ് ഇനി പറയുന്നത്.
1. നീട്ടിവെയ്‌ക്കേണ്ട, പിഴയടക്കേണ്ടി വരും
നിശ്ചിത തീയതിക്കകം നിങ്ങൾ ഒരു ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ, ആദായനികുതി ചട്ടങ്ങൾ അനുസരിച്ച് 10,000 രൂപ പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവന്നേക്കാം. 1961-ലെ ആദായനികുതി നിയമം സെക്ഷൻ 234 എയുടെ ഭാഗമായി, ഐടിആർ ഫയലിംഗിലെ കാലതാമസമുണ്ടായാൽ അടയ്ക്കേണ്ട നികുതിയ്ക്ക് പലിശബാധ്യതയും വരാം.
ALSO READ: ടാറ്റയെ നേരിടാൻ മുകേഷ് അംബാനി; ഒരുങ്ങുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റുമുട്ടൽ
2. വായ്പ ലഭിക്കും, ഈസിയായി
സമയപരിധിക്ക് മുമ്പ് കൃത്യമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. കാരണം വായ്പാ അപേക്ഷയ്ക്കായി, ബാങ്കുകൾക്ക് അവരുടെ വരുമാനത്തിന്റെ തെളിവായി ഐടിആർ സ്റ്റേറ്റ്മെന്റിന്റെ ഒരു പകർപ്പ് വായ്പയെടുക്കുന്നവർ നൽകേണ്ടതുണ്ട്. ഇൻകം ടാക്‌സ് റിട്ടേണുകൾ ഇന്ത്യയിലെ ഏതൊരു ലോൺ അംഗീകാരത്തിനും നിർബന്ധിത രേഖയാണ്. കൃത്യസമയത്ത് ഐടിആർ ഫയൽ ചെയ്യാത്ത നികുതിദായകർക്ക് വായ്പ ലഭിക്കുന്നത് കുറച്ച് കടമ്പകൾ കടക്കേണ്ടിവരും.
3. നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് കൈമാറാം
ആദായനികുതി നിയമം 1961-ലെ സെക്ഷൻ 70, 71 പ്രകാരം ഒരു പ്രത്യേക വർഷത്തെ നഷ്ടം തുടർന്നുള്ള വർഷത്തേക്ക് കൈമാറുന്നതിനുള്ള വ്യവസ്ഥയുണ്ട്. നിങ്ങളുടെ നഷ്ടം അടുത്ത മൂല്യനിർണ്ണയ വർഷത്തിലേക്ക് മാറ്റാം. എന്നാൽ ഇതിനായി ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യേണ്ടതുണ്ട്
4. നികുതി കിഴിവുകൾ ക്ലെയിം ചെയ്യുക
നികുതിദായകരുടെ നികുതി ഭാരം കുറയ്ക്കുന്നതിന് സഹായകരമാകുന്ന നിരവധി നിക്ഷേപപദ്ധതികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടിട്ടുണ്ട്. ഇത്തരം നിക്ഷേപ പദ്ധതികളിലൂടെ നികുതിദായകർക്ക് കിഴിവുകളും ഇളവുകളും ലഭിക്കും. മാത്രമല്ല, ടിഡിഎസും റിബേറ്റുകളും തിരികെ ക്ലെയിം ചെയ്യാനു കഴിയും. നിങ്ങൾ എല്ലാ വർഷവും കൃത്യസമയത്ത് ഐടിആർ ഫയൽ ചെയ്താൽ മാത്രമേ ഈ നേട്ടം ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ.