സ്ഥിരനിക്ഷേപത്തിന് ബെസ്റ്റ് ടൈം; മേയ് മാസത്തിൽ പലിശനിരക്കുയർത്തിയ ബാങ്കുകളിതാ
ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. മേയ് മാസത്തിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കിയ ചില ബാങ്കുകളിതാ
ഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് ശേഷം, മിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. എങ്കിലും, മേയ് മാസത്തിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കിയ ചില ബാങ്കുകളുണ്ട്. കൊട്ടക് മഹീന്ദ്ര, ഡിസിബി, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് നിരക്കുകൾ ഉയർത്തിയത്.
ഫെഡറൽ ബാങ്ക്
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് പരിഷ്കരിച്ചത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, പുതിയ നിരക്കുകൾ 2023 മെയ് 17 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം സാധാരണ പൗരന്മാർക്ക് 3 മുതൽ 6.6 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെയും ലഭിക്കും. ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണുയർത്തിയത്.
ബാങ്ക് ഓഫ് ബറോഡ
തിരഞ്ഞെടുത്ത കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് 30 ബേസിസ് പോയിന്റുകൾ വരെ വർദ്ധനവാണ് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകൾ 2023 മെയ് 12 മുതൽ പ്രാബല്യത്തിൽ വന്നു. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.
ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും
ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പലിശ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. 399 ദിവസ കാലാവധിയുള്ള ബറോഡ തിരംഗ പ്ലസിന് 7.90 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള 0.50 ശതമാനവും നോൺ കോളബ്ൾ നിക്ഷേപങ്ങൾക്കുള്ള 0.15 ശതമാനവും ഉൾപ്പെടെയാണിത്. സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെയും 60 വയസ്സിന് മുകളിൽ പ്രായമായവർക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര
2023 മെയ് 11 മുതലാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചത്. സാധാരണക്കാർക്ക് 2.75 ശതമാനം മുതൽ 7.20 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 7.70 ശതമാനം വരെയും പലിശ നിരക്ക് നൽകുന്നു.
ALSO READ: ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു; ഇത്തവണ ഇഷ അംബാനിയുടെ കൈപിടിച്ച് റിലയൻസിനൊപ്പം
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചു. പുതിയ നിരക്കുകൾ 2023 മെയ് 8 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ബാങ്ക് ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനവും പലിശനിരക്ക് നൽകുന്നു.
സൂര്യോദയ് ബാങ്ക്
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് (എസ്‌എസ്‌എഫ്‌ബി) സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2023 മെയ് 5 മുതൽ പുതുക്കിയിട്ടുണ്ട്.പൊതു വിഭാഗത്തിന് 4 ശതമാനം മുതൽ 9.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.50ശതമാനം മുതൽ 9.60 ശതമാനം വരെ നിരക്കിലും വാഗ്ദാനം ചെയ്യുന്നു.