പൂർവ വിദ്യാർത്ഥികളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും മദ്രാസ് ഐഐടിക്ക് സംഭാവനയായി ലഭിച്ചത് 513 കോടി രൂപ
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ടെക്നോളജി ഗവേഷണത്തിനായി 218 കോടി രൂപയാണ് മദ്രാസ് ഐഐടി സമാഹരിച്ചത്. എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഈ വര്‍ഷം ലഭിച്ചത്.
കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും കോര്‍പ്പറേറ്റ് പങ്കാളികളില്‍ നിന്നും വ്യക്തിഗത ദാതാക്കളില്‍ നിന്നുമായി മദ്രാസ് ഐഐടി സമാഹരിച്ചത് 513 കോടി രൂപ. ലഭിച്ച പണം സാങ്കേതിക ഗവേഷണത്തിനും വികസനത്തിനും ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ഐ.ടി മദ്രാസ് ഇതിനോടകം നിര്‍മ്മിച്ച ടെക്നോളജി വിന്യസിക്കുന്നതിനായും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിക്കുന്നത്. ഇതിന് പുറമെ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ടെക്നോളജി ഗവേഷണത്തിനായി 218 കോടി രൂപയാണ് മദ്രാസ് ഐഐടി സമാഹരിച്ചത്.
എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഈ വര്‍ഷം ഐ ഐ ടി മദ്രാസിന് സമാഹരിക്കാനായതെന്ന് അധികൃതർ പറയുന്നു. ഈ വര്‍ഷം ആരംഭിച്ച പുതിയ സംരംഭമായ സ്പോര്‍ട്സ് എക്സലന്‍സ് അഡ്മിഷന്‍ പ്രോഗ്രാം, മികച്ച ടെക് ഗവേഷണം, സ്റ്റുഡന്റ് പ്രോജക്ടുകള്‍, ക്യാമ്പസിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുടെ വികാസം എന്നിവയ്ക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരു സാമ്പത്തിക വര്‍ഷം സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ചത്.
ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള സി.എസ്.ആര്‍ ഫണ്ടുകള്‍ക്കും ഗ്രാന്റുകള്‍ക്കും പുറമെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് ഫണ്ട് സമാഹരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു കോടി രൂപയില്‍ കൂടുതല്‍ നല്‍കിയ ദാതാക്കളുടെ എണ്ണം 48 ആണ് (പൂര്‍വ്വവിദ്യാര്‍ത്ഥികളായ 16 പേരും, 32 കോര്‍പ്പറേറ്റ് പങ്കാളികളും). അക്കാദമിക് വളര്‍ച്ചയ്ക്കുള്ള ഫണ്ടിങില്‍ മികച്ച വര്‍ദ്ധനവാണുണ്ടായതെന്ന് ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം