ആവശ്യക്കാരേറെ, പുതിയ എഫ്ഡി സ്‌കീം ആരംഭിച്ച് ഈ ബാങ്ക്; കാരണം ഇതാണ്
ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ പുതിയ എഫ്ഡി സ്‌കീം ആരംഭിച്ചിരിക്കുകയാണ് ഈ ബാങ്ക്. ഉയർന്ന ഡിമാൻഡ് കാരണം നിലവിലുള്ള സ്കീമിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്
ദില്ലി: സ്ഥിരനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്ററെ ഭാഗമായി പുതിയ സ്ഥിരനിക്ഷേപ പദ്ധതി തുടങ്ങി ഐഡിബിഐ ബാങ്ക്. കൂടാതെ ആവശ്യക്കാരേറെയുള്ളതിനാൽ നിലവിലുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്. ഐഡിബിഐയുടെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് 375 ദിവസ കാലാവധിയുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതി ജൂലായ് 14 ന് ആരംഭിച്ചത്. 375 ദിവസത്തെ പ്രത്യേക മെച്യൂരിറ്റി കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2023 ആഗസ്റ്റ് 15 വരെ ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാം.
ALSO READ: സ്ത്രീകൾക്ക് മാത്രമായുള്ള സമ്പാദ്യ പദ്ധതി; ഉയർന്ന വരുമാനം ഉറപ്പ്, എങ്ങനെ ആരംഭിക്കാം
444 ദിവസ കാലാവധിയുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന് കോളബിൽ ഓപ്ഷനിൽ 7.65 ശതമാനം പലിശയാണ് ലഭിക്കുന്നത്. നോൺ കോളബിൾ ഓപ്ഷനിൽ 7.75 ശതമാനം എന്ന ഉയർന്ന പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. ഓഗസ്ത് 15 വരെ സ്കീമിൽ അംഗമാകാം. ഫെബ്രുവരി 13 നാണ് 444 ദിവസകാലാവാധിയിലെ സ്ഥിരനിക്ഷേപം തുടങ്ങിയത്.
ഐഡിബിഐ ബാങ്കിന്റെ പുതിയ എഫ്ഡി നിരക്കുകൾ
ഐഡിബിഐ ബാങ്ക് ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3 ശതമാനം മുതൽ 6.5 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2023 ജൂലൈ 14 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള എഫ്ഡികളിൽ ഐഡിബിഐ ബാങ്ക് 3.5% മുതൽ 7% വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ALSO READ: പാൻ ആധാർ ലിങ്കിങ്; പാൻ പ്രവർത്തനരഹിതമെന്നാൽ നിഷ്ക്രിയം എന്നല്ല; വ്യക്തതവരുത്തി ആദായനികുതി വകുപ്പ്