ഭവന വായ്പ എടുത്തിട്ടുണ്ടോ; വീട് പണിപൂർത്തിയാകുന്നതിന് മുമ്പ് ആദായ നികുതി ഇളവ് ലഭിക്കുമോ?
സാധാരണമായി ഭവന വായ്പ നല്‍കുന്ന ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ വായ്പാ തുക മുഴുവന്‍ ഒറ്റയടിക്ക് നല്‍കാറില്ല. വീടിന്‍റെ നിര്‍മാണ പുരോഗതി പരിശോധിച്ചാണ് വായ്പ വിവിധ ഗഡുക്കളായി അനുവദിക്കുക.
പുതിയ വീട് പണിയുന്നതിന് ഭവന വായ്പ എടുത്തിട്ടുണ്ടോ..? വീട് പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആ വായ്പ ആദായ നികുതി ഇളവിന് നല്‍കാന്‍ സാധിക്കുമോ.. സാധാരണ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഉയരുന്ന ഒരു ചോദ്യമാണിത്. സാധാരണമായി ഭവന വായ്പ നല്‍കുന്ന ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ വായ്പാ തുക മുഴുവന്‍ ഒറ്റയടിക്ക് നല്‍കാറില്ല. വീടിന്‍റെ നിര്‍മാണ പുരോഗതി പരിശോധിച്ചാണ് വായ്പ വിവിധ ഗഡുക്കളായി അനുവദിക്കുക. നിര്‍മാണത്തിലുള്ള വീടിനായി എടുത്ത ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് ആരംഭിക്കുന്നത് വരെ ഓരോ ഗഡു തുകക്കും ബാങ്ക് പലിശ ഈടാക്കും. ഈ പലിശയെ പ്രീ ഇഎംഐ എന്നാണ് വിളിക്കുന്നത്. ഇതില്‍ പ്രിന്‍സിപ്പല്‍ തുകയില്ല, മറിച്ച് അത് വരെ വിതരണം ചെയ്ത വായ്പയുടെ പലിശ മാത്രമാണ് ഉള്‍പ്പെടുന്നത്. വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയായതായി വായ്പ നല്‍കിയവര്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വായ്പാ തുക പൂര്‍ണമായി അനുവദിക്കുന്നതും യഥാര്‍ത്ഥത്തിലുള്ള പ്രതിമാസ തിരിച്ചടവ് തുടങ്ങുന്നതും.
നികുതി ഇളവ് നേടുന്നതിന് നിര്‍മാണ ഘട്ടത്തില്‍ ലഭിച്ച വായ്പാ തുകയുടെ വിവരങ്ങള്‍ ഉപയോഗിക്കാമോ എന്നുള്ളതാണ് ചോദ്യം. നിര്‍മാണം പൂര്‍ത്തിയായി പ്രതിമാസ തിരിച്ചടവ് തുടങ്ങുമ്പോള്‍ മാത്രമാണ് പലിശയ്ക്കും വായ്പാ തിരിച്ചടവിനുമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതിന് ശേഷം പ്രീ ഇഎംഐയ്ക്കുള്ള നികുതി കിഴിവ് ക്ലെയിം ചെയ്യാം. നിര്‍മാണ കാലയളവില്‍ അടച്ച മൊത്തം പലിശയുടെ നികുതി ഇളവിനായി അഞ്ച് തുല്യ തവണകളായി തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളില്‍ ക്ലെയിം ചെയ്യാം.