ഉയർന്ന പലിശനിരക്ക്; എച്ച്ഡിഎഫ്സി ബാങ്കിന്റെ മുതിർന്ന പൗരൻമാർക്കായുള്ള ഈ സ്കീം നാളെ അവസാനിക്കും
റഗുലർ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതിനാലും, റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന നിലയിലും ബാങ്ക് എഫ്ഡികൾ എപ്പോഴും മുതിർന്ന പൗരൻമാരുടെ ഇഷ്ടചോയ്സുകളിലൊന്നാണ്.
മുതിർന്ന പൗരൻമാർക്ക് അനുയോജ്യമായ നിക്ഷേപപദ്ധതികളിലൊന്നാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ. റഗുലർ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതിനാലും, റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന നിലയിലും ബാങ്ക് എഫ്ഡികൾ എപ്പോഴും മുതിർന്ന പൗരൻമാരുടെ ഇഷ്ടചോയ്സുകളിലൊന്നാണ്. 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി സ്പെഷ്യൽ എഫ്ഡികളും ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. അത്തരമൊരു സ്പെഷ്യൽ സ്കീമാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സീനിയർ സിറ്റിസൺ കെയർ എന്ന ഉയർന്ന പലിശ നിരക്കിലുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി (എഫ്‌ഡി). ബാങ്ക് വെബ്‌സൈറ്റ് പ്രകാരം 2023 ജൂലൈ 7-ന് ഈ സ്‌കീം അവസാനിക്കും.
സീനിയർ സിറ്റിസൺ കെയർ എഫ്ഡി
സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപ സ്കീമിൽ, മുതിർന്ന പൗരന്മാർക്ക് 0.75 ശതമാനം അധിക പലിശ നിരക്ക് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. .നിക്ഷേപ കാലാവധി 5 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയാണ് .ഈ പദ്ധതിയിൽ നിക്ഷേപകർക്ക് 7.75 ശതമാനം പലിശ നേടാം. മുതിർന്ന പൗരന്മാർ ബുക്ക് ചെയ്യുന്ന പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലിനും പലിശ നിരക്ക് ലഭിക്കും. പ്രവാസി ഇന്ത്യക്കാർക്ക് ഈ ഓഫർ ബാധകമല്ല. . 2020 മെയ് 18-നാണ് ഈ സ്‌കീം ആരംഭിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് 7 മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% പലിശയും, 30 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4% പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 46 മുതൽ 6 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്കും, 6 മാസവും 1 ദിവസം മുതൽ 9 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.25% പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്..
9 മാസം, 1 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 6.50% നിരക്കിൽ പലിശ നൽകുമ്പോൾ, 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10% നിരക്കിൽ പലിശ ലഭ്യമാക്കുന്നു
15 മാസത്തിനും 18 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനവും, 18 മാസം മുതൽ 4 വർഷം 7 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശനിരക്കും ബാങ്ക് നൽകും. 2 വർഷം 11 മാസം മുതൽ 35 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് 7.70% വും വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരൻമാർക്കുള്ള ഉയർന്ന നിരക്കുകൾ
4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75% വാഗ്ദാനം ചെയ്യുന്നു. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്കും, മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.75% ലഭ്യമാക്കുന്നു.