ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ; ഇപ്പോൾ നിക്ഷേപിക്കാം
സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ പുതുക്കുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പ്രതിമാസ വരുമാന സമ്പാദ്യ പദ്ധതി, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമുകളുടെ പലിശ നിരക്കുകൾ വർധിപ്പിച്ചിരുന്നു.
ദില്ലി: പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഓരോ മൂന്നുമാസം കൂടുമ്പോഴും പലിശനിരക്ക് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ വർധനവ്. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 ബിപിഎസ് വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ പലിശനിരക്കുകൾ ഇപ്രകാരമാണ്.
ALSO READ: പാൻ ആധാറുമായി ലിങ്ക് ചെയ്തില്ല; അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം
ഒരു വർഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശനിരക്ക് 6.9 ശതമാനമായായി ഉയർത്തി. 2023 ഏപ്രിൽ-ജൂൺ പാദത്തിൽ പലിശനിരക്ക് 6.8 ശതമാനമായിരുന്നു. 2 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും പലിശനിരക്ക് 7 ശതമാനമായും ഉയർത്തിയിട്ടുണ്ട്. അഞ്ച് വർഷ കാലാവധിയുള്ള ആവർത്തന നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.2 ശതമാനമായിരുന്നു. മറ്റ് ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് ഏപ്രിൽ -ജൂൺ പാദത്തിലേതിന് സമാനമായിതുടരും.
വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഇപ്രകാരമാണ്
സ്കീമുകൾ | പലിശനിരക്ക് |
ഒരു വർഷത്തെ ടൈം ഡെപ്പോസിറ്റ് | 4 ശതമാനം |
2 വർഷത്തെ ടൈം ഡെപ്പോസിറ്റ് | 6.9 ശതമാനം |
3 വർഷത്തെ ടൈം ഡെപ്പോസിറ്റ് | 7 ശതമാനം |
5 വർഷത്തെ ടൈം ഡെപ്പോസിറ്റ് | 7.5 ശതമാനം |
5 വർഷത്തെ ആവർത്തന നിക്ഷേപം | 6.5 ശതമാനം |
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം | 8.2 ശതമാനം |
പ്രതിമാസവരുമാന പദ്ധതി | 7.4 ശതമാനം |
കിസാൻ വികാസ് പത്ര | 7.5 ശതമാനം |
നാഷനൽ സേവിംഗ് സർട്ടിഫിക്കറ്റ് | 7.7 ശതമാനം |
സുകന്യ സമൃദ്ധി യോജന | 8 ശതമാനം |
സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ പുതുക്കുന്നത്. 2023 ഏപ്രിൽ-ജൂൺ പാദത്തിൽ സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 70 ബിപിഎസ് വരെ വർദ്ധിപ്പിച്ചിരുന്നു. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പ്രതിമാസ വരുമാന സമ്പാദ്യ പദ്ധതി, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, , സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ സ്‌കീമുകളുടെ പലിശ നിരക്കുകൾ കഴിഞ്ഞപാദത്തിൽ വർധിപ്പിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് മാറ്റമില്ലാതെ 7.1 ശതമാനമായി നിലനിർത്തുകയാണുണ്ടായത്..