229 വർഷം കഴിഞ്ഞാലും ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ല; വളരുന്നത് സമ്പന്നർ മാത്രം, ഞെട്ടിക്കുന്ന കണക്കുകൾ ഇതാ

സമ്പത്ത് ഒരു വിഭാഗം ആളുകളുടെ ഇടയിൽ മാത്രം കുമിഞ്ഞുകൂടുന്ന ആശങ്കാജനകമായ പ്രവണത. 229 വർഷം കഴിഞ്ഞാലും ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ലെന്ന് ഓക്സ്ഫാം മുന്നറിയിപ്പ്. 

five richest men doubled their fortune  as poorest got poorer since 2020 Oxfam report

കോവിഡിന് ശേഷം ഉയർന്നുവരുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സമ്പത്ത് ഒരു വിഭാഗം ആളുകളുടെ ഇടയിൽ മാത്രം കുമിഞ്ഞുകൂടുന്ന ആശങ്കാജനകമായ പ്രവണതയെക്കുറിച്ച് ഓക്സ്ഫാമിന്റെ വാർഷിക റിപ്പോർട്ട്. അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അസമത്വം എടുത്തുകാണിക്കുന്നതാണ് ഓക്‌സ്ഫാമിന്റെ കണ്ടെത്തലുകൾ. 2020-ൽ, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പന്നരുടെ ആകെ സമ്പത്ത് 405 ബില്യൺ ഡോളറായിരുന്നു,  2023-ൽ ഇത് 869 ബില്യൺ ഡോളറായി ഇരട്ടിയായി.  അതേ സമയം തന്നെ അഞ്ച് ബില്യൺ ആളുകളുടെ  സാമ്പത്തിക സ്ഥിതിയിൽ ഇടിവുണ്ടാവുകയും ചെയ്തു. ലോകജനസംഖ്യയുടെ 60 ശതമാനം വരുന്ന ദരിദ്രരായ 5 ബില്യൺ ജനങ്ങളുടെ ആകെ സമ്പത്ത്  0.2 ശതമാനം കുറയുകയാണ് ചെയ്തതെന്നും ഓക്സ്ഫാം പറയുന്നു. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ട്, ആമസോണിന്റെ ഉടമ ജെഫ് ബെസോസ്, ഒറക്കിൾ സ്ഥാപകൻ ലാറി എലിസൺ, നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരെപ്പോലുള്ള വ്യക്തികളുടെ ആസ്തിയിൽ ഗണ്യമായ വർധനയുണ്ടായി. ഇവരുടെ  മൊത്തം സ്വത്ത് 464 ബില്യൺ ഡോളർ അഥവാ 114 ശതമാനം വർദ്ധിച്ചതായി ഓക്‌സ്ഫാം റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 21 സ്വതന്ത്ര സാമൂഹിക സേവന സംഘടനകളുടെ  കോൺഫെഡറേഷനാണ് ഓക്‌സ്‌ഫാം. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം (WEF) ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആണ് പരമ്പരാഗതമായി ഓക്സ്ഫാം അസമത്വത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പുറത്തിറക്കുന്നത്.

കോർപ്പറേറ്റ് മേഖലയിലെ മികച്ച 148 കമ്പനികൾ 1.8 ട്രില്യൺ ഡോളർ ലാഭം നേടിയതായി കണക്കാക്കപ്പെടുന്നു, ഇത് 3 വർഷത്തെ ശരാശരിയേക്കാൾ 52 ശതമാനം കൂടുതലാണ്. അതേ സമയം ലോകമെമ്പാടുമുള്ള 800 ദശലക്ഷം തൊഴിലാളികളുടെ വേതനത്തിൽ കുറവുണ്ടായി. ഈ തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് വർഷമായി ആകെ 1.5 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടു, ഇത് ഓരോ തൊഴിലാളിയുടേയും 25 ദിവസത്തെ വേതനത്തിന് തുല്യമാണ്.  ലോകത്തെ 1,600 വലിയ കോർപ്പറേറ്റുകളിൽ 0.4% മാത്രമേ തങ്ങളുടെ തൊഴിലാളികൾക്കും   വിതരണ ശൃംഖലയിലുള്ളവർക്കും ജീവിക്കാനുള്ള വേതനം ഉറപ്പാക്കാൻ  പ്രതിജ്ഞാബദ്ധരായിട്ടുള്ളൂവെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

ലോകമെമ്പാടുമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ വേതനം, കുറഞ്ഞ സുതാര്യത, കുറഞ്ഞ നികുതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കോർപ്പറേറ്റ് ആധിപത്യം തടയാൻ സർക്കാരുകൾ നിർണായക നടപടി സ്വീകരിക്കണമെന്ന് ഓക്സ്ഫാം വാദിക്കുന്നു. കുത്തകകൾ ഇല്ലാതാക്കുക, അമിത ലാഭത്തിനും സമ്പത്തിനും മേൽ നികുതി ചുമത്തുക, പരമ്പരാഗത ഓഹരി ഉടമകളുടെ നിയന്ത്രണത്തിന് ബദലായി ജീവനക്കാരുടെ ഉടമസ്ഥാവകാശ മാതൃകകൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ഓക്സ്ഫാം നിർദ്ദേശിച്ച നടപടികളിൽ ഉൾപ്പെടുന്നു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, ഒരു ദശാബ്ദത്തിനുള്ളിൽ ലോകത്തിന് ആദ്യത്തെ ട്രില്യണയർ ഉണ്ടാകും, എന്നാൽ 229 വർഷം കഴിഞ്ഞാലും ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ലെന്ന് ഓക്സ്ഫാം മുന്നറിയിപ്പ് നൽകുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios