മുംബൈ ഇന്ത്യൻസിൽ തീരുന്നതല്ല അംബാനി കുടുംബവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം; ചരിത്രം ഇങ്ങനെ
രാജ്യത്തെ ഏറ്റവും മികച്ച കായിക സംരംഭകരിൽ ഒരാളായി ഇന്നത്തെ തലമുറയ്ക്ക് മുകേഷ് അംബാനിയെ അറിയാമെങ്കിലും അംബാനി കുടുംബവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പലർക്കും അറിയില്ല
ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ക്രിക്കറ്റുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പലർക്കും അറിയാമായിരിക്കും. സ്റ്റീൽ, പെട്രോകെമിക്കൽസ്, ഊർജം, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ തുടങ്ങി നിരവധി ബിസിനസുകളിൽ ഏർപ്പെട്ടതിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, മുംബൈ ഇന്ത്യൻസ് 5 ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം, ഫ്രാഞ്ചൈസിക്ക് 10,000 കോടിയിലധികം ആസ്തിയുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച കായിക സംരംഭകരിൽ ഒരാളായി ഇന്നത്തെ തലമുറയ്ക്ക് മുകേഷ് അംബാനിയെ അറിയാമെങ്കിലും, ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ പിതാവായ ധീരുഭായ് അംബാനിയാണെന്ന് മിക്കവർക്കും അറിയില്ല. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നടന്നത് 1987 ലാണ്, ഇതിനായി മുന്നിട്ടിറങ്ങിയവരിൽ ഒരാൾ ധീരുഭായ് അംബാനിയാണ്!
ALSO READ: പതിവ് തെറ്റിക്കാതെ മുകേഷ് അംബാനിയും നിത അംബാനിയും; സുഹൃത്തുക്കൾക്ക് നൽകിയ ദീപാവലി സമ്മാനം ഇതാ
വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് 1983-ൽ ഇന്ത്യ ലോക ചാമ്പ്യന്മാരായി, 1980 കൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. 1987-ൽ ഇന്ത്യയിലാണ് ആദ്യമായി ഇംഗ്ലണ്ടിന് പുറത്ത് ലോകകപ്പ് നടന്നത്. എന്നാൽ അതിന് നിരവധി കടമ്പകൾ കടക്കേണ്ടതായുണ്ടായിരുന്നു. ആതിഥേയാവകാശത്തിനായി ഇംഗ്ലണ്ട് വാഗ്ദാനം ചെയ്യുന്നതിന്റെ 5 മടങ്ങ് പണം വാഗ്ദാനം ചെയ്ത് 1987 ലെ ലോകകപ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ധീരുഭായ് അംബാനിക്ക് കൂടി അവകാശപ്പെട്ടതാണ്. ഇന്ത്യക്കൊപ്പം പാകിസ്ഥാനും ശ്രീലങ്കയുമുണ്ടായിരുന്നു.
1987 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യക്ക് ലഭിച്ചെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അതിന്റെ വിഹിതം നൽകാനുള്ള മതിയായ ഓഹരികൾ കൈവശം ഉണ്ടായിരുന്നില്ല. സ്‌പോൺസർമാരെ സമീപിച്ചിട്ടും പണം സ്വരൂപിക്കാൻ കഴിഞ്ഞില്ല. ആ പ്രതിസന്ധി ഘട്ടത്തിൽ ധീരുഭായ് അംബാനിയാണ് ടൂർണമെന്റ് സ്പോൺസർ ചെയ്യാൻ മുന്നിട്ടിറങ്ങിയത്. അതുകൊണ്ടാണ് 1987 ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുമ്പോൾ റിലയൻസ് കപ്പ് എന്ന പേര് കാണുന്നത്. കാരണം അതിന്റെ ഔദ്യോഗിക നാമം അങ്ങനെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക