ജോലി നഷ്ടപ്പെട്ടോ? സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികൾ
വൻകിട കമ്പനികൾ വരെ ചെലവ് ചുരുക്കാൻ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ജോലി പോയവർ ഈ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കും? സാമ്പത്തിക പ്രതിസന്ധി മറികടക്കാം
മാന്ദ്യകാലത്ത് തൊഴിൽ നഷ്ടപ്പെടുന്നത് സാമ്പത്തികമായും മാനസികമായും വെല്ലുവിളി നിറയ്ക്കും. പല വൻകിട കമ്പനികളും പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ നിങ്ങളുടെ വരുമാനം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ജോലി നഷ്ടപ്പെടുന്ന കാലയളവിൽ ആവശ്യമായ ചെലവുകൾ, ഇഎംഐ, ബില്ലുകൾ എന്നിവയ്കായി പണം കണ്ടെത്താൻ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്.
ഇതിന് ആദ്യം വേണ്ടത് അവശ്യ ചെലവുകൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബജറ്റ് ഉണ്ടാക്കുക എന്നുള്ളതാണ്. ഭക്ഷണം, വാടക, യാത്ര ചെലവ് തുടങ്ങി നിങ്ങളുടെ അവശ്യ ചെലവുകൾ ആദ്യം പരിഗണിക്കുക. പ്രാധാന്യമില്ലാത്ത ചെലവുകൾ പിന്നീടേക്ക് മാറ്റി വെക്കുക. എല്ലാ അനാവശ്യ ചെലവുകളും ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുന്നത് വെല്ലുവിളിയാണെങ്കിലും, ക്രമേണ അവ കുറയ്ക്കുന്നത് പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കും.
അടുത്തതായി, നിങ്ങളുടെ ഇൻഷുറൻസ് ചെലവുകൾ, ലോൺ ഇഎംഐകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു കണക്കുകൾ തയ്യാറാക്കുക. നിങ്ങളുടെ എല്ലാ ചെലവുകളും കണക്കാക്കിക്കഴിഞ്ഞാൽ, ശേഷിക്കുന്നത്, അതായത് നിങ്ങൾക്ക് എത്രമാത്രം സമ്പാദ്യം,ഉണ്ടെന്ന് പരിശോധിക്കുക. സമ്പാദ്യം കുറവാണെങ്കിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്നോ എഫ്ഡിയിൽ നിന്നോ മറ്റ് നിക്ഷേപങ്ങളിൽ നിന്നോ പണം പിൻവലിക്കുന്നത് പരിഗണിക്കുക.
എന്നിട്ടും സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ, സ്വർണം നല്ലൊരു വായ്പ ഉപാധിയാണ്. സ്വർണ്ണം ഉപയോഗിച്ച് വായ്പ എടുക്കാൻ കഴിയുമോ എന്ന നോക്കുക. കാരണം, സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക് സാധാരണയായി കുറവാണ്, ഒരു പുതിയ ജോലി കിട്ടി കഴിഞ്ഞാൽ ലോൺ തിരിച്ചടച്ച് നിങ്ങളുടെ സ്വർണ്ണം വീണ്ടെടുക്കാം. വെല്ലുവിളി നിറഞ്ഞ സമയത്ത് മാനസികമായി ശക്തമായിരിക്കുക എന്നുള്ളതും പ്രധാനമാണ്. തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.