സംസ്ഥാനത്തിനകത്തും ബാധകം, സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ; ജിഎസ്ടി തീരുമാനത്തിനെതിരെ സ്വർണ വ്യാപാരികൾ
രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ - വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം നൽകിയത്
ദില്ലി: നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ - വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വർണ വ്യാപാര മേഖലയിൽ ഇ വേ ബിൽ ഏർപ്പെടുത്താനുള്ള ജി എസ് ടി കൗൺസിൽ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്നും ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.
കൈക്കൂലിയായി വാഷിംഗ്‍മെഷീൻ, ആർഡിഒ കൈനീട്ടി വാങ്ങി; പിന്നാലെ വൻ പണി, കയ്യോടെ പിടിയിൽ, തടവ് ശിക്ഷ
ജിഎസ്ടി കൗൺസിൽ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികളുണ്ടായി എന്നതാണ് ജി എസ് ടി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് ജി എസ് ടി യോഗ തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28% ജി എസ് ടി നിരക്ക് ഏർപ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങൾക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജി എസ് ടി പതിനെട്ടിൽ നിന്ന് അഞ്ചാക്കി കുറച്ചു.