'യുപിഐ പവർഫുള്ളാണ്'; പണമിടപാടുകളെ ഉടൻ മറികടക്കും ഡിജിറ്റൽ ഇടപാടുകളെന്ന് മോദി

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വൈകാതെ പണമിടപാടുകളെക്കാൾ കൂടുതലാകുമെന്ന് പ്രധാനമന്ത്രി. യുപിഐ ഇടപാടുകളിൽ ഉണ്ടായിരിക്കുന്നത് വൻ വർദ്ധന.
 

Digital transactions will soon exceed cash in India pm modi apk

ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഉടൻ പണമിടപാടുകളെ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് സംവിധാനമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മാറിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. 

ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.  ഇന്ത്യ- സിംഗപ്പൂർ പണമിടപാടുകളിൽ ഈ സഹകരണം ഒരു നാഴികകല്ലായിരിക്കും എന്ന് പ്രധാന മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സഹകരണം തീർച്ചയായും  ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും എന്നും ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏകദേശം 7400 കോടി ഇടപാടുകളിലൂടെ 126 ലക്ഷം കോടി രൂപ അതായത് ഏകദേശം 2 ട്രില്യൺ സിംഗപ്പൂർ ഡോളറിന്റെ യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ട്. പുതിയ കാലഘട്ടത്തിൽ സാങ്കേതികത എല്ലാവരെയും ബന്ധിപ്പിക്കുന്നതായും സാങ്കേതിക സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇതെന്നും മോദി പറഞ്ഞു. 

സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിനൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) മാനേജിങ് ഡയറക്ടർ രവി മേനോനും ചേർന്നാണ് ആദ്യ ഇടപാട് നടത്തിയത്.

ഈ രണ്ട് പേയ്‌മെന്റ് സംവിധാനങ്ങളും ബന്ധിപ്പിക്കുന്നത് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് അതിർത്തി കടന്നുള്ള പണമയയ്ക്കൽ വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കും.സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെയും വിദ്യാർത്ഥികളെയും, സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തൽക്ഷണവും കുറഞ്ഞ ചിലവിൽ പണം കൈമാറ്റം ചെയ്യാനും ഇത് സഹായിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios