പരസ്യം വെറും 3 സെക്കന്റ്, ആഴ്ചയിലെ വരുമാനം 120 കോടി രൂപ, ഇൻഫ്ലുവൻസര്‍ യുവതിയുടെ വരുമാനത്തിൽ ഞെട്ടി ടെക് ലോകം!
ഇൻഫ്ലുവൻസർ മാർക്കറ്റിംഗിൻ്റെ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിച്ചാണ് ഓൺലൈൻ വാണിജ്യത്തിൻ്റെ പുതിയ സാധ്യതകൾ തേടുന്നത്.
ബീജിങ്: ഒരുൽപ്പന്നം വെറും മൂന്ന് സെക്കന്റിനുള്ളിൽ വിവരിച്ച് കോടികൾ നേടി ചൈനീസ് ഇൻഫ്ലുവൻസർ ഴെങ് സിയാങ് സിയാങ്. മറ്റു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ നിന്നും വ്യത്യസ്തമായി, പ്രൊമോട്ട് ചെയ്യുന്ന ഉൽപ്പന്നങ്ങൾ മൂന്ന് സെക്കൻഡ് മാത്രമാണ് ഴെങ് കാണിക്കുന്നത്. തത്സമയ സ്ട്രീമുകൾക്കിടയിൽ സഹായി ഉൽപ്പന്നങ്ങൾ അടങ്ങിയ ഓറഞ്ച് ബോക്‌സുകൾ ഓരോന്നായി നൽകുന്നു. ഒരു മില്ലിസെക്കൻഡിനുള്ളിൽ, അവൾ ഓരോ ഉൽപ്പന്നവും എടുത്ത് പ്രദർശിപ്പിക്കുകയും അതിൻ്റെ വില സൂചിപ്പിക്കുകയും ഉടൻ തന്നെ അത് ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുകയും ചെയ്യും. ഇതെല്ലാം വെറും മൂന്ന് സെക്കൻഡിനുള്ളിലാണ് സംഭവിക്കുന്നത്. ടിക് ടോക്കിന്‍റെ ചൈനീസ് പതിപ്പായ ഡ്യൂയിനിലാണ് ഴെങ്ങിന്‍റെ ഫോളോവേഴ്സിലധികവും.
നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവ് ഞെട്ടിക്കുന്ന വരുമാനമാണുണ്ടാക്കുന്നത്. ഓരോ ആഴ്ചയും അവിശ്വസനീയമായ 14 ദശലക്ഷം ഡോളർ (120 കോടിരൂപ) സമ്പാദിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഇൻഫ്ലുവൻസർ മാർക്കറ്റിംഗിൻ്റെ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിച്ചാണ് ഓൺലൈൻ വാണിജ്യത്തിൻ്റെ പുതിയ സാധ്യതകൾ തേടുന്നത്. മൂന്ന് സെക്കൻഡ് മാത്രമാണ് ദൈർഘ്യമെങ്കിലും ഇവർ പ്രൊമോട്ട് ചെയ്യുന്ന സാധനങ്ങളുടെ വിൽപ്പന കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുനിർത്താനുള്ള കഴിവ് ചർച്ച ചെയ്യപ്പെടുകയാണ്.