ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു; ഇത്തവണ ഇഷ അംബാനിയുടെ കൈപിടിച്ച് റിലയൻസിനൊപ്പം
സുരക്ഷാ ആശങ്കകൾ കാരണം മറ്റ് 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഷീഇൻ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനീസ് ബന്ധം മൂലം ഷീഇൻ യുഎസിലും തിരിച്ചടി നേരിട്ടിട്ടുണ്ട്.
ദില്ലി: മൂന്ന് വർഷത്തെ നിരോധനത്തിന് ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തും. റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് ഷീഇൻ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി നയിക്കുന്ന റിലയൻസ് റീട്ടെയിലുമായി സഹകരിച്ചാണ് ഷീഇൻ ഇന്ത്യയിലേക്കെത്തുന്നത്. ആഗോളതലത്തിൽ അതിവേഗം വളരുന്ന ഫാഷൻ വിപണിയിൽ റിലയൻസിന്റെ അനുബന്ധ സ്ഥാപനം വഴി പ്രവർത്തിക്കുകയും ചെയ്യും.
ALSO READ: 24 ലക്ഷത്തിന്റെ ബാഗ്; ഇഷ അംബാനിയുടെ അത്യാഡംബരമാർന്ന ഡോൾ ബാഗിന്റെ പ്രത്യേകത
ഷീഇൻ-റിലയൻസ് റീട്ടെയിൽ ഇടപാടിനെക്കുറിച്ചുള്ള 5 പ്രധാന കാര്യങ്ങൾ
- റിലയൻസ് റീട്ടെയിലിന്റെ സോഴ്‌സിംഗ് കഴിവുകൾ, വെയർഹൗസിംഗ്, ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്‌ക്കൊപ്പം ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളും ഷീഇൻ ഉപയോഗിച്ചേക്കാം.
- 2008-ൽ ചൈനയിൽ സ്ഥാപിതമായ ഷീഇൻ, ആഗോള ഫാസ്റ്റ് ഫാഷൻ വിപണിയിൽ അതിവേഗം ഒരു മികച്ച സ്ഥാനം നേടി, കുറഞ്ഞ വിലയ്ക്ക് വലിയ ശേഖരങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
- 2021-ൽ ഷീഇനിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന 60% ഉയർന്ന് 16 ബില്യൺ ഡോളറിലെത്തി, അതായത് സ്വീഡിഷ് ബ്രാൻഡായ എച്ച് ആൻഡ് എമ്മിന് തൊട്ടുപിന്നിൽ.
- ഹിമാലയൻ അതിർത്തികളിൽ ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമായതിനെ തുടർന്ന് 59 ആപ്പുകൾക്കൊപ്പം 2020 ജൂണിൽ ഇന്ത്യയിൽ ഷീഇൻ നിരോധിച്ചിരുന്നു. എന്നിരുന്നാലും, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഷീഇൻ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമായിരുന്നു.
- ചൈനീസ് ബന്ധം മൂലം ഷീഇൻ യുഎസിലും തിരിച്ചടി നേരിട്ടിട്ടുണ്ട്. വിലകുറഞ്ഞ ഫാഷൻ സ്ഥാപനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, സ്വദേശീയ ബിസിനസുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് രാജ്യത്തെ ചില്ലറ വ്യാപാരികൾ ആരോപിച്ചിരുന്നു.
ALSO READ: പാട്ടുപാടി വിജയം ആഘോഷിച്ച് മുകേഷ് അംബാനി; ഒപ്പം കൂടി നിത അംബാനിയും ഇഷ അംബാനിയും
താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു. ബ്രാൻഡിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഷീഇൻ വസ്ത്രങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ ദില്ലി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ, അതിന്റെ വസ്ത്രങ്ങൾ ആമസോൺ വഴി ഇന്ത്യയിൽ ലഭ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ജിമ്മി ചൂ, ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്ക്‌സ് ബ്രദേഴ്‌സ്, അർമാനി എക്‌സ്‌ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ പാർട്‌ണർ ബ്രാൻഡായി ഇന്ത്യയിൽ ലഭ്യമാണ്, ഷീഇൻ ഉടൻ തന്നെ ഈ പട്ടികയിൽ ചേരും. 2022 ഓഗസ്റ്റിൽ ആണ് റിലയൻസ് റീട്ടെയിലിന്റെ പുതിയ മേധാവിയായി ഇഷ അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.