തക്കാളി വില 70 രൂപയായി കുറച്ച് കേന്ദ്രം; സബ്‌സിഡി നിരക്ക് നാളെ മുതൽ
തക്കാളി വില പിടിച്ചുകെട്ടാൻ പണിപ്പെട്ട് കേന്ദ്രം. സബ്‌സിഡി നിരക്കിലുള്ള തക്കാളി വില കിലോയ്ക്ക് 70 രൂപയായി കുറച്ചു
ദില്ലി: കുതിച്ചുയരുന്ന തക്കാളി വിലയിൽ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കുന്നത്. ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ സഹകരണ സ്ഥാപനങ്ങളായ നാഫെഡും എൻസിസിഎഫുമാണ് തക്കാളി സബ്സിഡി നിരക്കിൽ നൽകുന്നത്.
2023 ജൂലൈ 20 മുതൽ ആയിരിക്കും തക്കാളി കിലോയ്ക്ക് 70 രൂപയ്ക്ക് ലഭിക്കുക. ഒരാൾക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ കഴിയു. നാളെ മുതൽ 70 രൂപ നിരക്കിൽ തക്കാളി വിൽക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് കാർഷിക വിപണന ഏജൻസികളായ എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു.
ALSO READ: 5,000 കോടിയോളം പാകിസ്ഥാന് വായ്പ നൽകി ചൈന; ലക്ഷ്യം ഇത്
തക്കാളി വില ഉയർന്നതോടെ പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ദില്ലിയിലെത്തിച്ചിരുന്നു. എൻസിസിഎഫും നാഫെഡും ജൂലൈ 18 വരെ മൊത്തം 391 ടൺ തക്കാളി സംഭരിച്ചു.
തക്കാളി സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനത്തെയും, ലഭ്യതയെയും മോശമായി ബാധിച്ചത് വില ഉയരാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. മൺസൂൺ കാലമായതിനാൽ വിതരണവും പ്രതിസന്ധി നേരിടുന്നു. കൃഷിയിറക്കിയതിനെ കാലതാമസവും പ്രതികൂല കാലാവസ്ഥയുമാണ് തക്കാളി വില വർധനവിന്റെ പ്രധാന കാരണം. അപ്രതീക്ഷിതമായി പെയ്ത വലിയ മഴ കാരണം പലയിടത്തും കൃഷി നശിച്ച സാഹചര്യവുമുണ്ടായി.