ബൈജൂസിന് അമേരിക്കയിലും തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ കോടതി ഉത്തരവ്

വായ്പാദായകർക്ക് അനുകൂലമാണ് വിധി. ഫണ്ട് എവിടെയാണെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് കാം ഷാഫ്റ്റ് സ്ഥാപകനെ അറസ്റ്റ് ചെയ്യാനും ഉത്തരവ്

Byjus Must Freeze Rs 4440 crore Says US Bankruptcy Judge Relief For Lenders SSM

വാഷിങ്ടണ്‍: എഡ്യു - ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി. ബൈജൂസിന്‍റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്. 

ബൈജൂസ് തങ്ങള്‍ക്ക് നൽകാനുള്ള പണത്തിനു മേൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. പണം ഫെഡറൽ കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു വായ്പാ ദായകരുടെ ആവശ്യം. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും ബൈജു രവീന്ദ്രന്‍റെ സഹോദരനുമായ റിജു രവീന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് ജഡ്ജി ഡോർസിയുടെ ഉത്തരവ്. പണം എവിടെയാണുള്ളതെന്ന് റിജു വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് കോടതി രൂക്ഷ വിമർശനം നടത്തി. ഈ പറയുന്നത് വിശ്വസിക്കാനാവില്ല എന്നാണ് ജഡ്ജി പ്രതികരിച്ചത്. 

വില്യം സി മോർട്ടൻ സ്ഥാപകനായ അമേരിക്കൻ ഹെഡ്ജ് ഫണ്ടായ കാം ഷാഫ്റ്റ് കാപ്പിറ്റലിലേക്കാണ് 533 മില്യൺ ഡോളർ മാറ്റിയത്. ഇവിടെ നിന്നും മറ്റെവിടേക്കോ മാറ്റി. ഈ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് വില്യം സി മോർട്ടനെ അറസ്റ്റ് ചെയ്യാൻ ജഡ്ജി ഡോർസി ഉത്തരവിട്ടു. വില്യം സി മോർട്ടനെ കണ്ടെത്തിയാൽ കോടതിയലക്ഷ്യത്തിന് ജയിലിലടയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. കാംഷാഫ്റ്റ് ക്യാപിറ്റൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതുവരെ മോർട്ടൺ ദിവസവും പതിനായിരം ഡോളർ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

വായ്പാ കമ്പനികളുടെ സമ്മർദമാണ് തിങ്ക് ആന്‍റ് ലേണിന്‍റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അഭിഭാഷകൻ ഷെരോണ്‍ കോർപസ് വാദിച്ചു. ന്യൂയോർക്കിലെയും ഡെലവെയറിലെയും കോടതികളിൽ തിങ്ക് ആന്‍റ് ലേണും വായ്പാ ദായകരും തമ്മിൽ നിയമ പോരാട്ടം നടക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. തിങ്ക് ആന്‍റ് ലേണിന്‍റെ ആറ് ഡയറക്ടർമാരിൽ മൂന്ന് പേർ രാജിവെച്ചതായും താനും സഹോദരനും ഭാര്യാസഹോദരിയും മാത്രമാണ് കമ്പനിയുടെ ചുമതലയിയുള്ളതെന്നും ബൈജു രവീന്ദ്രൻ കോടതിയെ അറിയിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios