അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരും; നയം വ്യക്തമാക്കി ഈ പൊതുമേഖല ബാങ്ക്
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേരിടുന്ന ചാഞ്ചാട്ടത്തെ കുറിച്ച് ആശങ്കയില്ല. വായ്പ നൽകുന്നത് തുടരാൻ തയ്യാറാണെന്ന് ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്ക്
ദില്ലി: അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരാൻ തയ്യാറാണെന്ന് ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ. ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർനിർമ്മിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിന് ഉൾപ്പെടെ, പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന് അധിക പണം വായ്പ നൽകുന്നത് പരിഗണിക്കാൻ തയ്യാറാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേരിടുന്ന ചാഞ്ചാട്ടത്തെ കുറിച്ച് തനിക്ക് ആശങ്ക ഇല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കമ്പനിക്ക് വായ്പ നൽകുമെന്നും സഞ്ജീവ് ചദ്ദ പറഞ്ഞു
യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപോർട്ടോടു കൂടിയാണ് അദാനി ഓഹരികൾ കുത്തനെ ഇടിഞ്ഞത്. ഇതോടെ അദാനിയുടെ വായ്പകൾ ചോദ്യം ചെയ്യപ്പെട്ടു. ലോകത്തിലെ സമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനത്ത് നിന്നും അദാനി വീണു. ആദ്യ പത്തിൽ നിന്നും പോലും പുറത്തായി. ഇതോടെ അടുത്ത മാസം നൽകേണ്ട 500 മില്യൺ ഡോളർ ബ്രിഡ്ജ് ലോൺ റീഫിനാൻസ് ചെയ്യാൻ ചില ബാങ്കുകൾ വിസമ്മതിച്ചു.
കഴിഞ്ഞ വർഷം ചേരി പുനർനിർമിക്കുന്നതിനുള്ള പദ്ധതിക്കായി അദാനി ഗ്രൂപ്പ് 50.7 ബില്യൺ രൂപ ലേലം വിളിച്ചിരുന്നു. ധാരാവി പുനർവികസന പദ്ധതിക്കായി ഗ്രൂപ്പിന് വായ്പ നൽകുന്ന കാര്യം ബാങ്ക് ഓഫ് ബറോഡ പരിഗണിക്കുമെന്ന് ഛദ്ദ പറഞ്ഞു. ഇതുവരെ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകൾ പരിശോധിക്കുമ്പോൾ, ആർബിഐയുടെ ചട്ടക്കൂടിന് കീഴിൽ അനുവദനീയമായതിന്റെ നാലിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ നൽകിയിട്ടുള്ളത്. ബാങ്ക് ഓഫ് ബറോഡ ആകെ എത്ര വായ്പ നൽകിയിട്ടുണ്ടെന്ന് ഛദ്ദ വ്യക്തമാക്കിയില്ല മറ്റു ബാങ്കുകളിൽ അദാനി ഗ്രൂപ്പിലെ കമ്പനികൾക്ക് ഏകദേശം 270 ബില്യൺ രൂപയുടെ (3.3 ബില്യൺ ഡോളർ) ബാധ്യത ഉണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു.