കോടികൾ വാരിയെറിഞ്ഞ് മുകേഷ് അംബാനി; അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയുടെ ചെലവ് പുറത്ത്
ആഘോഷങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങുകളിലൊന്നിനാകും ഗുജറാത്ത് സാക്ഷ്യം വഹിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസം നീടുനിൽക്കുന്ന ആഘോഷങ്ങൾ നാളെ അവസാനിക്കും. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ആഡംബര ആഘോഷങ്ങൾ നടക്കുന്നത്. ലോകത്തിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ആഘോഷങ്ങളിൽ ഒന്നായി മുകേഷ് അംബാനി നടത്തുന്ന ഈ വിരുന്ന് മാറുകയാണ്. എത്രയാണ് ഈ ആഘോഷങ്ങൾക്കായി മുകേഷ് അംബാനി മുടക്കുന്നത് എന്നറിയേണ്ടേ..
അനന്ത് അംബാനി-രാധിക മർച്ചൻ്റ് പ്രീ വെഡിങ് പാർട്ടിക്കായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത് ലോകത്തിലെ മികച്ച സൗകര്യങ്ങളാണ്. ആഡംബര ആഘോഷങ്ങൾക്കായി ഏകദേശം 120 ദശലക്ഷം പൗണ്ട് അതായത് 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി ചെലവാക്കുന്നത് എന്നാണ് റിപ്പോർട്ട്.
ജൂലൈയിൽ ആണ് അനന്ത് - രാധിക വിവാഹം. ഇപ്പോൾ നടക്കുന്നത് വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളാണ്. വിവാഹം അംബാനി കുടുംബത്തിലാകുമ്പോൾ അതിഥികളും മോശമാകില്ലല്ലോ.. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ലോകത്തെ പ്രമുഖ വ്യവസായികൾ ഉൾപ്പടെ തരരാജാക്കന്മാര് വരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷണമൊരുക്കുന്നതിനായി പ്രശസ്തരായ ഇരുപത്തിയഞ്ച് പാചക വിദഗ്ദരും ഉണ്ട്. ഭക്ഷണത്തിന് തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി രുചിവൈവിധ്യം നിറയും. മൂന്നു ദിവസത്തെ പരിപാടിയ്ക്കായി 2500 വിഭവങ്ങളുടെ മെനു ആണ് ഒരുക്കിയത്.
റിഹാന, ജെ ബ്രൗൺ, ആഡം ബ്ളാക്ക് സ്റ്റോൺ തുടങ്ങി പോപ് ഗായകരൊരുക്കുന്ന സംഗീത വിരുന്ന് ഇന്നലെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ വിവിധ രാഷ്ട്രത്തലവൻമാരും ചടങ്ങിനെത്തും. ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ജാം നഗറിലെത്തുക. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിനെ വെല്ലുന്ന സജ്ജീകരണമാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങുകളിലൊന്നിനാകും ഗുജറാത്ത് സാക്ഷ്യം വഹിക്കുക.