ടാറ്റയുടെ ഒറ്റ തീരുമാനം, ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങൾ
ലോകത്തിലിലെ ഏറ്റവും വലിയ വിമാന കച്ചവടത്തിന് കരാർ ഒപ്പിട്ടതോടെ എയർ ഇന്ത്യ തിരി കൊളുത്തിയത് തൊഴിൽ വിപ്ലവത്തിന്. ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ
ദില്ലി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിലുള്ള ഏറ്റവും പുതിയ മെഗാ കരാറിലൂടെ സൃഷ്ടിക്കപ്പെടുക 2,00,000 തൊഴിലവസരങ്ങൾ. കരാർ പ്രകാരം എയർ ഇന്ത്യ, ബോയിംഗിൽ നിന്നും എയർബസിൽ നിന്നും 470 വിമാനങ്ങൾ വാങ്ങും. ഇതിന്റെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കൂടുമെന്ന് ഉന്നത വ്യോമയാന മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രത്യക്ഷത്തിലും പരോക്ഷമായും വലിയ അളവിൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ഏവിയേഷൻ മേഖലയിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ മാർട്ടിൻ കൺസൾട്ടിങ്ങിന്റെ സിഇഒ മാർക്ക് മാർട്ടിൻ അഭിപ്രായപ്പെട്ടു. പൈലറ്റുമാർ, ക്യാബിൻ ക്രൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാരെ എയർ ഇന്ത്യയ്ക്ക് ആവശ്യമായി വരും. ഇത് കൂടാതെ എയർപോർട്ട് സ്റ്റാഫ്, എയർ ട്രാഫിക് കൺട്രോളർമാർ, ട്രാൻസ്പോർട്ട് വെണ്ടർമാർ, സർവീസ് പ്രൊവൈഡർമാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും വർദ്ധിക്കും.
മെഗാ കരാറിലൂടെ വാങ്ങുന്ന വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ എയർ ഇന്ത്യയ്ക്ക് 6,500-ലധികം പൈലറ്റുമാർ വേണ്ടിവരുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിൽ മാത്രമല്ല, യുഎസിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എയർ ഇന്ത്യ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ കരാർ ചരിത്രപരമാണെന്നും ഈ പങ്കാളിത്തം യുഎസിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും തങ്ങളുടെ രാജ്യത്തെ വ്യോമയാന മേഖലകൾക്ക് സഹായകമാകുമെന്നതിനാൽ കരാറിനെ സ്വാഗതം ചെയ്തിരുന്നു
നിലവിൽ, എയർ ഇന്ത്യയ്ക്ക് 113 വിമാനങ്ങളുണ്ട്, ഇത് പറത്താനായി 1,600 പൈലറ്റുമാരുണ്ട്, എയർ ഇന്ത്യയുടെ രണ്ട് അനുബന്ധ സ്ഥാപങ്ങളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് ആകെ 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരുണ്ട്, സംയുക്ത സംരംഭമായ വിസ്താരയ്ക്ക് 53 വിമാനങ്ങളുണ്ട്. ഇത് പറത്താൻ 600-ലധികം പൈലറ്റുമാരുണ്ട്