'നീ ഷൂപ്പറാണെടാ..'; ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാട് നടത്തി എയർ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക് എയർ ഇന്ത്യ. എയർ ലൈനിനെ തിരിച്ചുപിടിച്ച് ഒരു വർഷത്തിന് ശേഷമാണു ടാറ്റയുടെ സുപ്രധാന നീക്കം 
 

Air India seals world's largest aircraft deal apk

ദില്ലി: ടാറ്റ ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷം എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കടന്നു. 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകി. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്. 

എയർ ഇന്ത്യയ്ക്ക് മുൻപ് ഏറ്റവും വലിയ വിമാന കരാർ നടത്തിയത് അമേരിക്കൻ എയർലൈൻസ് ആയിരുന്നു. 460 വിമാനങ്ങളാണ് 2011 ൽ അമേരിക്കൻ എയർലൈൻസ് വാങ്ങിയത്. ഈ ഇടപാടിനെയാണ് ടാറ്റ ഗ്രൂപ്പ് മറികടന്നിരിക്കുന്നത്. 70 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടാണ് എയർ ഇന്ത്യ നടത്തിയിരിക്കുന്നത് അതായത് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ ഇടപാട്. 

എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി എ 350 വിമാനങ്ങളും 210 നാരോ ബോഡി എ 320  നിയോ ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി ബി 777 എസ്സ്  വിമാനങ്ങൾ, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങൾ എന്നിവയ്ക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. 

വൈഡ് ബോഡി വിമാനത്തിന് വലിയ ഇന്ധന ടാങ്ക് ആയിരിക്കും ഉണ്ടാകുക, ഇത് ഇന്ത്യ-യുഎസ് റൂട്ടുകൾ പോലുള്ള കൂടുതൽ ദൂരം വരുന്ന റൂട്ടുകളിൽ നേരിട്ട് സഞ്ചരിക്കാൻ എയർ ലൈനുകളെ അനുവദിക്കുന്നു.

വിമാനങ്ങൾ വാങ്ങുന്ന കരാറിനൊപ്പം, എഞ്ചിൻ നിർമ്മാതാക്കളുമായി എയർ ഇന്ത്യ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. 2023 ന്റെ രണ്ടാം പകുതിയിൽ 25 ബോയിംഗ് 737 വിമാനങ്ങളും ആറ് എയർബസ് എ 350-900 വിമാനങ്ങളുമാണ് ആദ്യം എത്തുന്നത്. 2023 ന്റെ രണ്ടാം പകുതിയിൽ 25 ബോയിംഗ് 737 വിമാനങ്ങളും ആറ് എയർബസ് എ 350-900 വിമാനങ്ങളുമാണ് എത്തുക.

2006ലാണ് എയർ ഇന്ത്യ അവസാനമായി വിമാനങ്ങൾ ഓർഡർ ചെയ്തത്, 111 വിമാനങ്ങൾ അന്ന് ബുക്ക് ചെയ്തിരുന്നു: ബോയിങ്ങിൽ നിന്ന് 68 വിമാനങ്ങളും, എയർബസിൽ നിന്ന് 43 വിമാനങ്ങളും ആയിരുന്നു അന്നത്തെ കരാറിൽ ഉണ്ടായിരുന്നത്.

എയർബസ്-എയർ ഇന്ത്യ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം മാത്രമല്ല, സിവിൽ ഏവിയേഷൻ മേഖലയിലെ ഇന്ത്യയുടെ പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട്  അദ്ദേഹം അതിനെ "ലാൻഡ്മാർക്ക് ഡീൽ" എന്ന് വിളിച്ചു. ബോയിംഗ്-എയർ ഇന്ത്യ ഇടപാട് ചരിത്രപരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

 ALSO READ: സമ്പന്നരുടെ പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി; തകർച്ച തുടരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios