ഗുജറാത്തിൽ വൻ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി; പിന്നാലെ പുതിയ പ്രഖ്യാപനവുമായി അംബാനിയും
നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗൗതം അദാനി. ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാൻ അദാനി
മുംബൈ: ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി. ഗുജറാത്തിൽ വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലാണ് പ്രഖ്യാപനം.
നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കവെ ഗൗതം അദാനി പറഞ്ഞു. കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, അദാനി ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചതായും അദാനി പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാൻ അദാനി ഗ്രൂപ് ലക്ഷ്യമിടുന്നതായും 25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും അതെന്നും അദാനി കൂട്ടിച്ചേർത്തു.
2014 മുതൽ, ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്, ഇത് ജിയോപൊളിറ്റിക്കൽ, പാൻഡെമിക് സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സമാനതകളില്ലാത്തതാണ് എന്നും അദാനി പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ ഹസാരിയയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫൈബർ ഫെസിലിറ്റി തുടങ്ങുമെന്ന് മുകേഷ് അംബാനിയുടെ പ്രഖ്യാപനം ഉണ്ട്. ഒപ്പം ഗുജറാത്തിൽ 3200കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് സുസുക്കി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന് തുടക്കം കുറിച്ചത്. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായും നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്രതലവൻമാരും പ്രതിനിധികളും വൈകീട്ട് സബർമതി ആശ്രമം സന്ദർശിക്കുകയും ചെയ്യും.