അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചത് 7000 കോടി രൂപയുടെ ഓർഡർ; സർക്കാർ സ്ഥാപനമായ ഭെല്ലിന് മികച്ച നേട്ടം
സ്റ്റീം ജനറേറ്ററുകൾ, സ്റ്റീം ടർബൈനുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങൾ കമ്പനിയുടെ തിരുച്ചി, ഹരിദ്വാർ പ്ലാൻ്റുകളിൽ നിർമ്മിക്കും.
ദില്ലി: അദാനി ഗ്രൂപ്പിൽ നിന്ന് 7,000 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഭെൽ അറിയിച്ചു. ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2x800 മെഗാവാട്ട് റായ്പൂർ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാൻ്റിനുള്ള ആദ്യ ഓർഡർ അദാനി പവർ ലിമിറ്റഡിൽ നിന്ന് ലഭിച്ചതായാണ് ഭെൽ പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2x800 മെഗാവാട്ട് മിർസാപൂർ സൂപ്പർ ക്രിട്ടിക്കൽ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓർഡർ അദാനി പവർ ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലിൽ നിന്ന് ലഭിച്ചതായും അറിയിച്ചു.
Read More.... രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്താനൊരുങ്ങി ഹ്യുണ്ടായ്; ഇന്ത്യൻ ഓഹരി വിപണിയിൽ ഇത്തരമൊരു ഐപിഒ ആദ്യം
പ്രധാന പ്ലാൻ്റ് ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണവും വിതരണവും കമ്മീഷനിങ്ങും സൂപ്പർ വിഷനുമാണ് ഓർഡർ ലഭിച്ചത്. സ്റ്റീം ജനറേറ്ററുകൾ, സ്റ്റീം ടർബൈനുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങൾ കമ്പനിയുടെ തിരുച്ചി, ഹരിദ്വാർ പ്ലാൻ്റുകളിൽ നിർമ്മിക്കും. ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ഊർജം, വ്യവസായം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സ്ഥാപനമാണ്.